wedding

തിരുവനന്തപുരം: 'ചിന്നി ചിന്നി മിന്നിത്തിളങ്ങണ വാറൊളി കണ്ണെനക്ക്"... ഉറുമി സിനിമയിലെ പാട്ട് പാടവെ,​ ചുവന്ന പട്ടുസാരിയണിഞ്ഞ്,​ മുല്ലപ്പൂ ചൂടിയ നവവധു മഞ്ജരി,​ പ്രിയതമൻ ജെറിന് നേരെ കണ്ണെറിഞ്ഞു. പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കവെ,​ ജെറിൻ പുഞ്ചിരിച്ചു. ഇരുവർക്കുമൊപ്പം കഴക്കൂട്ടം മാ‌ജിക് പ്ളാനറ്റിലെ ഭിന്നശേഷിക്കുട്ടികളും ചേർന്നതോടെ,​ അവിടം പ്രണയസാന്ദ്രമായി.

ഇന്നലെ രാവിലെ 9ന് ആക്കുളം എസ്.എഫ്.എസ് ഹോം ബ്രിഡ്ജ് ഓഡിറ്റോറിയത്തിലായിരുന്നു ഗായിക മഞ്ജരിയുടെയും ബാല്യകാല സുഹൃത്തായ ജെറിന്റെയും വിവാഹം. നേരെ ഇരുവരും ബന്ധുക്കൾക്കൊപ്പം മാജിക് പ്ളാനറ്റിലെത്തി. വാദ്യമേളത്തോടെയാണ് കുട്ടികൾ നവദമ്പതികളെ സ്വീകരിച്ചത്. കുട്ടികൾ സമ്മാനിച്ച ചുവന്ന റോസാപ്പൂക്കൾ പരസ്പരം കൈമാറി മഞ്ജരിയും ജെറിനും വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി.

കുട്ടികൾക്കൊപ്പം പാട്ടുപാടിയും വർത്തമാനം പറഞ്ഞും ഇരുവരും തങ്ങളുടെ വിവാഹ ദിനം അവിസ്മരണീയമാക്കി.

ജെറിൻ സഹപാഠിയാണെന്നും ഇനിമുതൽ നിങ്ങളുടെ സ്വന്തം ജെറിൻ ചേട്ടനാണെന്നും മഞ്ജരി പറഞ്ഞുപ്പോൾ കുട്ടികൾ ആവേശപൂർവം കൈയടിച്ചു. ഇരുവരും ചേർന്ന് കുട്ടികൾക്ക് സദ്യ വിളമ്പി. അവർക്കൊപ്പമിരുന്ന് വിവാഹസദ്യ കഴിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടേതായിരുന്നു രുചിക്കൂട്ട്. മജിഷ്യൻ ഗോപിനാഥ് മുതുകാട്, നടി പ്രിയങ്കാ നായർ,​ നടൻ സുരേഷ് ഗോപി,​ ഗായകൻ വേണുഗോപാൽ തുടങ്ങിയവർ കുടുംബ സമേതം ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം സ്വദേശികളായ ബാബു രാജേന്ദ്രന്റെയും ഡോ. ലതയുടെയും മകളാണ് മഞ്ജരി. പത്തനംതിട്ട സ്വദേശികളായ മോഹൻ ജി. പീറ്ററിന്റെയും ഡെയ്സി മോഹന്റെയും മകനായ ജെറിൻ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ. മാനേജരാണ്.