
ശാസ്ത്രം, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, കൊമേഴ്സ് സ്ട്രീമുകളിൽ പ്ലസ്ടു വിജയിച്ചവർക്ക് പരമ്പരാഗത കോഴ്സുകൾ പഠിച്ചാലും സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ സാദ്ധ്യതയേറെയാണ്. കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെല്ലാം കോഴ്സുകളുണ്ട്.
ശാസ്ത്രത്തിൽ ബിരുദം
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഹോംസയൻസ്, സൈക്കോളജി എന്നിങ്ങനെ ബിരുദകോഴ്സുകളുണ്ട്. എൻജിനിയറിംഗ്, മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾക്കാണ് ഏറ്റവും ഡിമാന്റ്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ, കെമിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ, ഡെയറി ടെക്‌നോളജി മുതലായവ പരമ്പരാഗത എൻജിനിയറിംഗ് കോഴ്സുകളാണ്. പ്രവേശനത്തിന് എൻട്രൻസ് വിജയിക്കണം. ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ, കീം എന്നിവയാണവ. ആദ്യം www.ugc.ac.in, www.aicte-india.org വെബ്സൈറ്റുകളിൽ പരിശോധിച്ച് കോളേജുകളുടെ അംഗീകാരമുറപ്പാക്കണം. ആർക്കിടെക്ചർ പ്രവേശനം നാറ്റ പരീക്ഷയിലെ സ്‌കോർ അടിസ്ഥാനമാക്കിയാണ്. ചെലവില്ലാതെ എൻജിനിയറിംഗ് പഠിക്കാനും ഉയർന്നജോലി ഉറപ്പാക്കാനും കരസേന പ്ലസ് ടു ടെക്നിക്കൽ എൻട്രിയിലൂടെ സൗകര്യമൊരുക്കുന്നു.
മെഡിക്കൽ
612 മെഡിക്കൽ കോളേജുകളിലായി 91977 എം ബി ബി എസ് സീറ്റുകളാണ് രാജ്യത്തുള്ളത്. എം.ബി.ബി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റ് നേടണം. ദേശീയ മെഡിക്കൽ കമ്മിഷനാണ് (www.nmc.org.in) മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകുന്നത്. 317 ഡെന്റൽ കോളേജുകളിൽ 27698 ബി.ഡി.എസ് സീറ്റുകളാണ് രാജ്യത്തുള്ളത്. കോളേജുകൾക്ക് ഡന്റൽ കൗൺസിലിന്റെ (www.dciindia.gov.in) അനുമതി വേണം. ഹോമിയോ കോളേജുകൾക്ക് അംഗീകാരം നൽകുന്നത് നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതിയാണ്. www.nch.org.in ൽ അംഗീകൃത ഹോമിയോ കോളേജുകൾ അറിയാം. ആയുർവേദം, സിദ്ധ, യുനാനി കോളേജുകളുടെ വിവരങ്ങൾ www.ncismindia.org ൽ അറിയാം. അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ അനുബന്ധ കോഴ്സുകളുമുണ്ട്.
നഴ്സിംഗ്
ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (മൂന്ന് വർഷം), ബി.എസ്‌സി നഴ്സിംഗ് (നാലുവർഷം) ഇവയാണ് കോഴ്സുകൾ. നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള കോളേജുകളിലേ പ്രവേശനം നേടാവൂ. വെബ്സൈറ്റ്- www.indiannursingcouncil.org. ഫാർമസിയിൽ ഡി. ഫാം. (രണ്ട് വർഷം), ബി. ഫാം. (നാല് വർഷം), ഫാം. ഡി. (ആറു വർഷം) കോഴ്സുകളാണുള്ളത്. അംഗീകൃത കോളേജുകളുടെ വിവരങ്ങൾ ഫാർമസി കൗൺസിലിന്റെ വെബ്സൈറ്റിൽ (www.pci.nic.in) അറിയാം. മെഡിക്കൽ ലാബ് ടെക്‌നോളജി, ഫിസിയോതെറാപ്പി, ഒഫ്താൽമോളജി / ഒപ്‌ടോമെട്രി കോഴ്സുകളുമുണ്ട്.
മാനവികം
സംസ്‌കാരം, ഭാഷ, സാഹിത്യം, ചരിത്രം, പ്രകൃതി, തത്ത്വശാസ്ത്രം, ധന, സാമൂഹിക ശാസ്ത്രങ്ങൾ, നിയമം, സൈക്കോളജി, രാഷ്ട്രമീമാംസ, സംഗീതം, അദ്ധ്യാപനം, നിയമം, നൃത്തം, ലളിതകല, ജേർണലിസം, ലൈബ്രറി സയൻസ്, സിനിമ, ഡിസൈനിംഗ്, ടൂറിസം, കായിക പഠനം, തുടങ്ങിയവ മാനവിക വിഷയങ്ങളിലെ പരമ്പരാഗത കോഴ്സുകളാണ്.
കോമേഴ്സ്
ബാങ്കിംഗ് മുതൽ ഇ-കോമേഴ്സ് വരെ വ്യാപിച്ചു കിടക്കുന്ന പഠനശാഖ. ബി കോമാണ് ഏക കൺവൻഷണൽ കൊമേഴ്സ് കോഴ്സ്. സർവകലാശാലകളിൽ ഏറ്റവും ഡിമാന്റ് ബികോമിനാണ്. ബികോമിനൊപ്പം സി.എ., സി. എം, എ., സി.എസ്. എന്നീ പ്രൊഫഷണൽ പരീക്ഷകൾക്കും തയ്യാറെടുക്കാം.
ബിസിനസ് / കോമേഴ്സ് മേഖലകളുമായി ബന്ധപ്പെട്ട് മൂന്ന് പ്രൊഫഷണൽ കോഴ്സുകളാണുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി കോഴ്സുകളാണിവ. ഉയർന്ന ശമ്പളം. സ്വന്തമായി പ്രാക്ടീസ് ചെയ്യാനുമാവും. നോൺ കൊമേഴ്സുകാർക്കും പ്രവേശനം ലഭിക്കും. ഈ പ്രൊഫഷണൽ കോഴ്സുകൾക്കൊപ്പം ബിരുദ കോഴ്സുകൾ റഗുലറായോ വിദൂര വിദ്യാഭ്യാസത്തിലോ പഠിക്കാം. സി.എ കോഴ്സിനെക്കുറിച്ച് കൂടുതലറിയാൻ www.icai.org, സി.എം.എയെക്കുറിച്ച് അറിയാൻ www.icmai.in, സി.എസ് കോഴ്സിനെക്കുറിച്ച് അറിയാൻ www.icsi.edu
പോളിടെക്നിക്
എസ്.എസ്.എൽ.സി മാർക്കാണ് പരിഗണിക്കുന്നതെങ്കിലും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. എൻട്രൻസില്ല. പ്രധാനമായും രണ്ട് സ്ട്രീമുകളാണ് – എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും കൊമേഴ്സ്യൽ പ്രാക്ടീസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റും. ദൈർഘ്യം മൂന്ന് വർഷം. സ്വാശ്രയ പോളിടെക്നിക്കുകളിൽ മാനേജ്മെന്റ് സീറ്റുകളുണ്ട്. മെക്കാനിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയാണ് പ്രധാനപ്പെട്ട പരമ്പരാഗത പോളിടെക്നിക്ക് കോഴ്സുകൾ. കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ നിന്ന് ടെക്നിക്കൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ഏതു രാജ്യത്തും ജോലിചെയ്യാം. അംഗീകൃത പോളിടെക്നിക്കുകളിൽ പഠിക്കണം. കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനിയർ, ടെക്നീഷ്യൻ തസ്തികകളിലേക്ക് എൻജിയറിംഗ് ഡിപ്ലോമ നേടിയാൽ മതി. പോളിടെക്നികിനു ശേഷം ബി.ടെകിന് ലാറ്ററൽ എൻട്രിയിൽ പ്രവേശനം ലഭിക്കും.
(ലേഖകൻ കരിയർ ഗൈഡൻസ് വിദഗ്ദ്ധനാണ്)