വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം വർദ്ധിച്ചതോടെ വഴിയാത്രക്കാർക്ക് കടിയേൽക്കുകയും റോഡിൽ ബൈക്ക് യാത്രക്കാർക്ക് അപകടം വരുത്തുന്നതും പതിവാകുന്നതായി പരാതി. റോഡിൽ കഴിഞ്ഞദിവസം കരവാരം നാലുമുക്ക് റോഡിൽ കുറുകെ ചാടിയ നായയെ ഇടിച്ച ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. 16 വാർഡുകൾ ഉൾപ്പെട്ട പഞ്ചായത്തിൽ വിവിധ ഇടറോഡുകളിൽ കൂട്ടമായി അലയുന്ന നായകളുടെ കാഴ്ച്ചയും പതിവാണ്. പരിസരത്തെ വിവിധ സ്കൂളുകളിൽ രാവിലെയും വൈകിട്ടും നടന്നു വരുന്ന കുട്ടികൾക്കും തെരുവുനായകൾ കാര്യമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.