
വർക്കല : പിഞ്ചുകുട്ടികൾ പഠിക്കുന്ന സ്കൂൾ വളപ്പിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന തടികൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഭീഷണിയാവുന്നു. കൂട്ടിയിട്ടിരിക്കുന്ന തടികൾക്കിടയിൽ ഇഴജന്തുക്കൾ താവളമാക്കിയതോടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഭീതിയുടെ നിഴലിലായത്. ഇടവയിലെ മറ്റൊരു സ്കൂളിൽ നിന്നും മുറിച്ചുമാറ്റിയ മരത്തടികളാണ് വെൺകുളം ഗവ.എൽ.പി.എസ് വളപ്പിൽ സൂക്ഷിക്കുന്നത്. ഇതുകാരണം സ്ഥലപരിമിതിയും നേരിടുന്നതായി സ്കൂൾ അധികൃതരും പറയുന്നു. കഴിഞ്ഞ ഒരു വർഷമായി കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ നീക്കം ചെയ്യണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ സ്കൂളിലെ വളപ്പിൽ നിന്നു മുറിച്ചു നീക്കപ്പെട്ട ഏകദേശം മൂന്നു ലോഡ് വരുന്ന തടികളാണ് ഒരു വർഷം മുൻപ് വെൺകുളത്തെ സ്കൂളിൽ എത്തിച്ചത്.
സുരക്ഷ വേണം
താത്കാലികമായി സൂക്ഷിക്കുന്നതിനും ഉടനെ ലേലം ചെയ്തു മാറ്റുമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിലാണ് അനുമതി നൽകിയത്. പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് വിഷയം അവതരിപ്പിച്ചിട്ടും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അടുത്തകാലത്ത് സ്കൂൾ പരിസരം വൃത്തിയാക്കാൻ എത്തിയ തൊഴിലാളികൾ സ്കൂൾ പരിസരത്ത് പാമ്പുകളെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു കുട്ടികൾ സ്കൂൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അദ്ധ്യാപകരും ജാഗ്രത കൂടുതൽ പാലിക്കേണ്ട സ്ഥിതിയാണ്. കുട്ടികളുടെസുരക്ഷയെ കരുതി തടികൾ എത്രയും വേഗത്തിൽ നീക്കം ചെയ്യണമെന്നാണ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.
നടപടി ഉടൻ
ഇടവ വെൺകുളം ഗവ.എൽ.പി സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ അവിടെ നിന്നു മാറ്റുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അറിയിച്ചു. ഓടയം ഗവ. മുസ്ലിം സ്കൂളിൽ അപകടാവസ്ഥയിൽ നിന്ന ചില മരങ്ങൾ മുറിച്ചു മാറ്റി, അവിടെ സ്ഥലസൗകര്യമില്ലാത്തതിനാലാണ് വെൺകുളത്തെ സ്കൂളിൽ സൂക്ഷിക്കാൻ എത്തിച്ചത്. വനം വകുപ്പ് വിലനിർണയം നടത്തി ഈ തടികൾ ലേലം ചെയ്യാൻ നടപടി സ്വീകരിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നിരുന്നില്ല.വില കുറയ്ക്കണമെന്നു ആവശ്യപ്പെട്ട്ചിലർ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്.