തിരുവനന്തപുരം: നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടായ സോഫിയയെ കാണാൻ കോളേജ് ഒഫ് എൻജിനിയറിംഗ് അവസരമൊരുക്കുന്നു. കോളേജിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022ന്റെ ഭാഗമായാണ് സോഫിയയെ കേരളത്തിലെത്തിക്കുന്നത്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 8 വരെ സോഫിയ കാഴ്ചക്കാരോട് സംവദിക്കും. ഇതാദ്യമായാണ് ദക്ഷിണേന്ത്യയിലെ ഒരു കോളേജ് കാമ്പസിൽ സോഫിയ എത്തുന്നത്. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയയെ ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാൻസൺ റോബോട്ടിക്‌സാണ് നിർമ്മിച്ചത്.

ഇന്നലെ ആരംഭിച്ച ടെക് ഫെസ്റ്റ് നാളെ സമാപിക്കും. പ്രദർശനമേളയിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്. ഇലക്ട്രോണിക്‌സ്,​ സോഫ്‌റ്റ്‌വെയർ,​ മെക്കാനിക്കൽ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പ്രദർശനം. ദൃഷ്ടി ഫോർ ജൂനിയേഴ്‌സ്, വിവിധ വർക് ഷോപ്പുകൾ, ടെക് കോമ്പറ്റീഷനുകൾ, ദക്ഷ ഇ-സമ്മിറ്റ്,​ ഓട്ടോ എക്‌സ്‌പോ തുടങ്ങിയ പരിപാടികളും അർമാൻ മാലിക് അവതരിപ്പിക്കുന്ന പ്രോ ഷോയും അരങ്ങേറും. റോബോട്ടിക് കമ്പനിയായ ബോസ്‌റ്റൺ ഡൈനാമിക്‌സിന്റെ റോബോട്ട് ഡോഗായ ദ സ്‌പോട്ട് അടക്കമുള്ള റോബോട്ട് പദ്ധതികളെക്കുറിച്ചും അറിയാൻ അവസരമുണ്ട്.