
തിരുവനന്തപുരം: ഇടുക്കി കട്ടപ്പനയിൽ 25 വർഷമായി 'ഖാദിഭവൻ" എന്ന പേരിൽ വ്യാജ ഖാദി വില്പന നടത്തിയ സ്ഥാപനം പൂട്ടിക്കാൻ ഖാദി-ഗ്രാമവ്യവസായ ബോർഡ് നടപടിയായി. ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ ഇ.നാസറിന്റെ പരാതിയിന്മേലാണ് നടപടി. നെയിം ബോർഡിൽ നിന്ന് ഖാദി എന്ന പേര് നീക്കി.
ഖാദി ബോർഡിന്റെയും ഖാദി കമ്മിഷന്റെയും അംഗീകൃത സ്ഥാപനങ്ങളിൽ മാത്രമാണ് ഖാദി വിൽക്കാൻ അനുമതിയുള്ളത്. വിശേഷനാളുകളിൽ ഖാദി പ്രത്യേക റിബേറ്റ് നൽകിയാണ് വില്പന. കോട്ടൺ നൂൽ കൈകൊണ്ട് നൂൽക്കുകയും നെയ്യുകയും ചെയ്താണ് ഖാദി വസ്ത്ര നിർമ്മാണം.
എന്നാൽ, കട്ടപ്പനയിൽ 'ഖാദിഭവൻ" എന്ന പേരിൽ മില്ലുകളിൽ നെയ്യുന്ന വസ്ത്രങ്ങൾ ഖാദിവസ്ത്രമായി വിൽക്കുകയായിരുന്നു. കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന ഖാദി തൊഴിലാളികളുടെ ജീവിതം തകർക്കുന്നതാണ് വ്യാജ ഖാദി വില്പനയെന്നും ദേശീയ വസ്ത്രത്തെ അപമാനിക്കലാണെന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു.
വ്യാജ ഖാദിക്കെതിരെ ശക്തമായ നടപടിയെടുക്കാനുള്ള ഖാദിബോർഡിന്റെ തീരുമാനപ്രകാരമാണ് പ്രോജക്ട് ഓഫീസർ നേരിട്ടെത്തി കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.