
വെഞ്ഞാറമൂട്: അപകടത്തിൽ ഗുരുതര പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരി മാതൃകയായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ക്ലാർക്ക് അക്ഷരയാണ് കാരുണ്യ പ്രവർത്തനത്തിലൂടെ മുഴുവൻ ജീവനക്കാർക്കും മാതൃകയായത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് വരുന്ന വഴി കോലിയക്കോട് വച്ചാണ് യുവാവ് അപകടത്തിൽ പെട്ട് കിടക്കുന്നത് അക്ഷരയുടെ ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് ബോധമില്ലാത്ത നിലയിലായിരുന്നു അഖിൽ എന്ന 22 കാരൻ.
സമയോചിതമായി ഇടപെട്ട അക്ഷര ഉടൻ തന്നെ പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയും ഒരു വാഹനത്തിൽ യുവാവിനൊപ്പം ആശുപത്രിയിലേക്ക് പുറപ്പെടുകയുമായിരുന്നു. ഇതിനിടയിൽ മെഡിക്കൽ കോളേജിലെ എൻ.ജി.ഒ യൂണിയൻ പ്രവർത്തകരെ വിവരമറിയിച്ചതിനാൽ അവർ ഇടപെട്ട് കാഷ്വലിറ്റിയിൽ മുൻകരുതലെടുത്തിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്ക് ബന്ധുക്കൾ വരുന്നതുവരെ അക്ഷര ഐ.സി.യുവിന് പുറത്ത് കാത്തു നിൽക്കുകയും ചെയ്‌തു.