തിരുവനന്തപുരം:സിറ്റി സർക്കുലർ സർവീസിന് ഇ ബസുകൾ എത്തുന്നതോടെ കൂടുതൽ യാത്രക്കാരെ ആക‌ർഷിക്കാൻ കഴിയുന്നതോടൊപ്പം ഇപ്പോൾ സർക്കുലർ സർവീസിനു ഉപയോഗിക്കുന്ന ബസുകളുണ്ടാക്കുന്ന ഗാതാഗത കുരുക്കിൽ നിന്ന് ഒരളവോളം രക്ഷ നേടാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.

ഇപ്പോൾ 11 മീറ്റർ നീളവും 45 സീറ്റുമുള്ള ബസുകളാണ് സർക്കുലർ സർവീസിന് ഉപയോഗിക്കുന്നത്. പുതിയതായി ബസുകൾക്ക് 9 മീറ്റർ നീളവും 30 സീറ്റുകളുമാണ് ഉള്ളത്. നീളമേറിയ ബസുകൾ തിരക്കേറിയ വീതി കുറഞ്ഞ റോഡുകളിലൂടെ സർവീസ് നടത്തുന്ന മറ്റ് വാഹനയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിവരികയായിരുന്നു.സിറ്റി സർക്കുലർ ബസ് സർവീസ് ഉദ്ദേശിച്ച ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടുവെന്ന് പഴി വ്യാപകമായി ഉയരുന്നതിനിടൊണ് ഇ ബസുകൾ എത്തുന്ന്

പുതിയ ബസിലെ സൗകര്യങ്ങൾ ആകർഷകവുമാണ്. സർവീസ് ആരംഭിച്ചതിനെ അപേക്ഷിച്ച് കൂടുതൽ യാത്രക്കാർ ഇപ്പോൾ സിറ്റി സർക്കുലർ സർവീസുകൾക്ക് ലഭിക്കുന്നുണ്ട്.

നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചെലവ് വരുന്നത്.ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചെലവ്. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക.തമ്പാനൂർ,കിഴക്കേകോട്ട,പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും.

10 ഓഫർ മൂന്നു മാസത്തേക്കു കൂടി നീട്ടി

പത്തു രൂപ ടിക്കറ്റെടുത്ത് സിറ്റി സർക്കുലർ ബസിൽ എവിടേയും യാത്ര ചെയ്യാൻ കഴിയുന്ന ഓഫ‌ർ മൂന്നു മാസം കൂടി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.നിലവിൽ ജൂൺ 30 വരെയാണ് 10 രൂപയ്ക്ക് ഒരു സർക്കിൾ യാത്ര ചെയ്യാനാകുന്നത്.കൂടാതെ എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.