poo

തിരുവനന്തപുരം:പുരോഗമന ആശയങ്ങളടങ്ങിയ ഗാനങ്ങൾക്ക് ശക്തിപകർന്ന ഗാനരചയിതാവായിരുന്നു പൂവച്ചൽ ഖാദറെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂവച്ചൽ ഖാദറിന്റെ സ്മരണകളുൾക്കൊള്ളുന്ന മൗനനൊമ്പരമെന്ന സ്മരണിക പൂവച്ചൽ ഖാദറിന്റെ സഹോദരൻ മുഹമ്മദ് ഹനീഫയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. കവി പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു.ശ്രീകുമാരൻ തമ്പി, എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, മുൻ എം. എൽ.എ കെ.എസ്.ശബരിനാഥ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സി.ശിവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ജോർജ് തോമസ് സമിതിയുടെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സര വിജയികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. സാംസ്കാരിക സമിതി കൺവീനർ യൂ.എം.നഹാസ് സ്വാഗതവും, എ.ആർ.സലിം നന്ദിയും പറഞ്ഞു. പൂവച്ചൽ ഖാദർ രചിച്ച കവിതകളും ഗാനങ്ങളും കോർത്തിണക്കിയുള്ള ഗാനാഞ്ജലിയും നടന്നു. കല്ലറ ഗോപൻ, സരിത രാജീവ്, എം.രാധാകൃഷ്ണൻ, കൊല്ലം മോഹൻ, സരിത റാം, രാജേശ്വരി ബിജു, മഹേന്ദ്രൻ, ബോബി, സലിം എം എസ്, മോനി കൃഷ്ണൻ, പ്രഭാത്, ദിവ്യ, ഖാലിദ്, പ്രമീള എന്നീ ഗായകർ ഗാനാഞ്ജലിയിൽ പങ്കെടുത്തു.