മലയിൻകീഴ്: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത സംഭവത്തിൽ മരുമകൻ അറസ്റ്റിലായതിന് പിന്നാലെ ഫേസ് ബുക്കിൽ പോസ്റ്റിട്ട എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് ഇന്നലെ ബി.ജെ.പി നേതൃത്വത്തിന് ഒൗദ്യോഗികമായി രാജി നൽകി. പിന്നാലെ എസ്.സി മോർച്ച ജില്ലാ പ്രസിഡന്റായി മുട്ടത്തറ പ്രശാന്തിനെ നോമിനേറ്റ് ചെയ്തതായി വി.വി. രാജേഷ് കേരളകൗമുദിയോട് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വിളപ്പിൽശാല കൊങ്ങപ്പള്ളി സംഗീതാലയത്തിൽ വിളപ്പിൽ സന്തോഷിന്റെ വീടിന്റെ ടെറസിൽ പ്ലാസ്റ്റിക് ട്രേകളിൽ കഞ്ചാവ് കൃഷി ചെയ്തതിന് സന്തോഷിന്റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയിൻകീഴ് ഡിവിഷനിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായിരുന്നു.