kovalam

കോവളം: മഴക്കാലമെത്തിയിട്ടും വിഴിഞ്ഞം തീരദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. വിഴിഞ്ഞം ജംഗ്ഷൻ മുതൽ കോവളം തിയേറ്റർനട ജംഗ്ഷൻ വരെ നടക്കണമെങ്കിൽ മൂക്കുപൊത്തേണ്ടിവരും. അത്ര ദയനീയമാണ് ഇതുവഴിയുള്ള യാത്ര.

മഴ പെയ്യുമ്പോൾ ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം കുത്തിയൊലിച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞു. റോഡരികിൽ പലയിടത്തും മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനട യാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. ചെറിയ മഴയിൽ പോലും വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളിലേക്കും മലിനജലം തെറിക്കുന്നത് പതിവാണ്.

ചിലയിടത്ത് റോഡ് നവീകരണം നടന്നെങ്കിലും ഓവുചാലുകൾ നവീകരിച്ചില്ല. ഇതുകാരണം മഴ കുറഞ്ഞാൽ പോലും പലയിടത്തും വെള്ളക്കെട്ട് അതുപോലെ തുടരും.

വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാസമയം സംസ്‌കരിക്കുന്നതിന് കഴിയാതെ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്.