thelineerozhukum

വിതുര : സർക്കാരിന്റെ സമ്പൂർണ ജലശുചിത്വ പദ്ധതിയായ "തെളിനീരൊഴുകും നവകേരളം" പദ്ധതിയിൽ വിതുരയിൽ മുന്നോട്ട്. വിതുരയിൽ പദ്ധതിയുടെ ഭാഗമായി ജലസഭ, ജലനടത്തം എന്നിവ സംഘടിപ്പിച്ചു. മിക്ക വാർഡുകളിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നദികൾ, പൊതുകുളങ്ങൾ, തോടുകൾ, മറ്റ് ജലശ്രോതസുകൾ എന്നിവ വൃത്തിയാക്കി തുടങ്ങി. പദ്ധതി വിജയിപ്പിക്കുന്നതിനായി തൊഴിലുറപ്പ്തൊഴിലാളികളും, കുടുംബശ്രീ യൂണിറ്റുകളും സജീവമായി രംഗത്തുണ്ട്. വിതുര പഞ്ചായത്തിൽ വാമനപുരം നദിയുടെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നദിയുടെ ഓരത്തെ കാടും വൃത്തിയാക്കി. നദിയിൽ മാലിന്യംനിക്ഷേപിക്കുന്നത് തടയുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾ നടത്തും. പൊതുകുളങ്ങളിലെ മാലിന്യം നീക്കം ചെയ്ത് കുടിവെള്ളവിതരണം സുഗമമാക്കും. തെളിനീരൊഴുകും പദ്ധതിയുടെ വിജയത്തിനായി സ്കൂളുകളുടെ പങ്കാളിത്വവും ഉറപ്പാക്കും.

തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിന്റെ നേതൃത്വത്തിൽ ജലനടത്തം, ജലസഭ എന്നിവ സംഘടിപ്പിച്ചു. വാമനപുരം നദി കടന്ന് പോകുന്ന ആനപ്പാറ പൊന്നമ്പിക്കോണം കടവിൽ നിന്നും ആരംഭിച്ച ജലനടത്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, വി.ഇ.ഒ ഗൗരി ശങ്കർ, എ.ഡി.എസ് ചെയർപേഴ്സൺ അംബിക, എ.ഡി.എസ് സെക്രട്ടറി രഞ്ചന, ആശ വർക്കർ സെലിൻ റോസ്, അംഗൻവാടി വർക്കർ അനിതകുമാരി, എ.ഡി.എസ് അംഗങ്ങളായ മിനി, ഗ്രേസമ്മ, രാജേഷ്, റജീന തുടങ്ങിയവർ നേതൃത്വം നൽകി.

വാമനപുരം നദിയിൽ നിന്നും ആരംഭിച്ച ജല നടത്തം പൊന്നമ്പിക്കോണം - കൊച്ചാനപ്പാറ തോടിനു സമീപത്തൂടെ വയക്കഞ്ചിയിൽ സമാപിച്ചു. ജലാശയങ്ങൾ മലിനമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും വൃത്തിയോടെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ പിന്തുണ കൂടി ആവശ്യപ്പെട്ടാണ് ജലനടത്തം അവസാനിപ്പിച്ചത്. മേമല വാർഡിലും തെളിനീരൊഴുകും പദ്ധതിക്ക് തുടക്കം കുറിച്ചതായി വാർഡ്മെമ്പർ മേമല വിജയൻ അറിയിച്ചു. തൊളിക്കോട് പഞ്ചായത്തിലും തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് തുടക്കം കുറിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അറിയിച്ചു.