
കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്ത് അതിർത്തിയായ വാഴോട് മുതൽ ഇരട്ടച്ചിറ വരെ സ്റ്റേറ്റ് ഹൈവേ റോഡിനു ഇരുവശങ്ങളിലെയും കെ.എസ്.ടി.പി വക പുറംപോക്ക് ഭൂമി സംരക്ഷിക്കാൻ പഞ്ചായത്ത്,വില്ലേജ് ഓഫീസ്,താലൂക്ക് ഓഫീസ്,കെ.എസ്.ടി.പി ഉദ്യോഗസ്ഥതല യോഗം ഉടൻ വിളിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക,കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുക,ബസ് ബേക്കുള്ള സ്ഥലം തിരിക്കുക,അപകടകരമാംവിധത്തിൽ സ്ഥിതിചെയ്യുന്ന മരങ്ങൾ മുറിച്ചുമാറ്റുക തുടങ്ങിയവ നടപ്പിലാക്കാൻ അതത് ഡിപ്പാർട്ട്മെന്റിലെ അധികൃതരോട് പഞ്ചായത്ത് നിർദ്ദേശിച്ചിട്ടുണ്ട്.പ്രദേശങ്ങൾ അളന്നു തിട്ടപ്പെടുത്തി തരംതിരിച്ച് സംരക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡന്റ്,കെ എസ്.ടി.പി,പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.രാജേന്ദ്രൻ,കെ.എസ്.ടി.പി എ.ഇ ജയമോൾ, പഞ്ചായത്ത് അംഗങ്ങളായ കെ.അനിൽ കുമാർ,എൻ.സലിൽ,എസ്.സിബി,ജി.എൽ അജീഷ് എന്നിവർ സംയുക്തമായി പ്രദേശങ്ങൾ സന്ദർശിച്ചു.