
തിരുവനന്തപുരം: സി.പി.എം ഗുണ്ടകൾ ഭരണത്തണലിൽ അഴിഞ്ഞാടുകയാണെന്നും മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്‌തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. സി.പി.എമ്മിന് ബി.ജെ.പിയെ സന്തോഷിപ്പിക്കേണ്ട കാര്യമില്ല. സി.പി.എമ്മിന്റെ യഥാർത്ഥ മുഖം കോൺഗ്രസുകാർക്ക് മനസിലായതിൽ സന്തോഷം. ബി.ജെ.പിക്കെതിരെയുള്ള സി.പി.എം ആക്രമണങ്ങളെ കോൺഗ്രസ് പരോക്ഷമായി പിന്തുണച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്,നേമം,മഞ്ചേശ്വരം മണ്ഡലങ്ങളിലെല്ലാം സി.പി.എമ്മും കോൺഗ്രസും പരസ്‌പരം സഹകരിച്ചിരുന്നു. രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് വേട്ടയാടലാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് നരേന്ദ്രമോദിയാണ്. സത്യം എന്തായാലും പുറത്തുവരും. രാഹുൽഗാന്ധിയെ കല്ലെറിഞ്ഞാൽ സന്തോഷിക്കുന്ന വ്യക്തിയല്ല മോദിയെന്നും മുരളീധരൻ പറഞ്ഞു.