
കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർബ്രിഡ്ജ് ഭാഗത്ത് നിന്ന് പോസ്റ്റ് ഓഫീസ് വഴി പോകുന്ന റെയിൽവേ അധീനതയിലുള്ള റോഡ് റെയിൽവേ അടച്ചതായി പരാതി. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, നേതാജി ഭവൻ, നിരവധി ക്ഷേത്രങ്ങൾ, ആധാരം എഴുത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വർഷങ്ങൾ പഴക്കുമുള്ള റോഡാണിത്.
റെയിൽവേ ഈ റോഡ് അടച്ചതോടെ സബ് ട്രഷറിയിലേക്കും സബ് രജിസ്ട്രാർ ഓഫീസിലേക്കും പോകേണ്ട ആളുകളും നൂറുകണക്കിന് വീട്ടുകാരും ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
സബ് ട്രഷറിയിൽ എത്തുന്നവരിൽ നല്ലൊരു ഭാഗവും വൃദ്ധരാണ്. ഇവരുടെ കാര്യമാണ് എറ്റവും കഷ്ടം.റോഡ് അടയ്ക്കുന്നതുവരെ ഈ വിഷയം പഞ്ചായത്തുപോലും അറിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ വിവരം എം.എൽ.എയുടെയും എം.പിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും റോഡ് തുറന്ന് ഗതാഗതം പുനരാരംഭിക്കാൻ അടിയന്തര നടപടികൾ റെയിൽവേ സ്വീകരിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.