photo1

പാലോട്: പ്ലാന്റേഷൻ ആക്ട് നടപ്പിലാക്കുക, തോട്ടം മേഖലയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം കൂലി നടപ്പാക്കുക, ലയങ്ങളുടെ ശോചനീയാവസ്ഥ മാറ്റി മുഴുവൻ ലയങ്ങളെയും വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബ്രൈമൂർ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങി. ഡി.കെ. മുരളി എം.എൽ.എ സമരം ഉദ്ഘാടനം ചെയ്‌തു. മാസങ്ങളായി ശമ്പളമോ ആനുകൂല്യമോ നൽകാതെ മാനേജ്മെന്റ് തൊഴിലാളികളെ ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ട സമരം മൂന്നുമാസം മുമ്പ് ആരംഭിച്ചിരുന്നു. യൂണിയൻ ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, സി പി എം ജില്ലാ കമ്മിറ്റി അംഗം വി.കെ. മധു, ജോർജ് ജോസഫ്, ജെ. മണി, എ.എം. അൻസാരി, ഷാജി മാറ്റാപ്പള്ളി, എം.എസ്. സിയാദ്, കെ. കബീർ, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.