cpi

മലയിൻകീഴ് : സി.പി.എമ്മുമായി ശത്രുതയിലാണെന്നു പറഞ്ഞുനടക്കാതെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു .സി.പി.ഐ കാട്ടാക്കട മണ്ഡലം പ്രതിനിധി സമ്മേളനം വിളവൂർക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താഴേതട്ടിലിറങ്ങി പ്രവർത്തിച്ചാലേ ജനങ്ങളുടെ അംഗീകാരം നേടാനാവൂ.പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണ ഏജൻസിയായ ഇ.ഡി.യെ ദുരുപയോഗം ചെയ്തും പ്രതിപക്ഷ അനൈക്യം മുതലെടുത്തുമാണ് അധികാരം കൈയാളുന്നത്. 2014 ൽ 31 ശതമാനമായിരുന്ന ബി.ജെ.പിക്ക് 2019 ൽ 37 ശതമാനം വോട്ടുലഭിച്ചു.ശേഷിക്കുന്ന 63 ശതമാനം ജനങ്ങളും മോദിക്ക് എതിരാണ്.എന്നാൽ ,പ്രതിപക്ഷത്തിന് ഐക്യപ്പെട്ട് പോകാനാകുന്നില്ല. ഈ അനൈക്യം പ്രസിഡന്റ് തിരഞ്ഞടുപ്പിൽ എൻ.ഡി.എ.സ്ഥാനാർത്ഥിക്ക് സഹായകമായേക്കും.56 മണിക്കൂറിലേറെ ഇ.ഡി.രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച കോൺഗ്രസ്,, കേരളത്തിൽ ഇ.ഡിയെ സ്വാഗതം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും കാനം വ്യക്തമാക്കി.ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ, എൻ.ഭാസുരാംഗൻ,പൂവച്ചൽ ഷാഹുൽ,സോളമൻ വെട്ടുകാട്, കള്ളിക്കാട് ചന്ദ്രൻ, കെ.എസ്.അരുൺ,പാപ്പനംകോട് അജയൻ,ബി.ശോഭന എന്നിവർ സംസാരിച്ചു.127 ബ്രാഞ്ച് കമ്മിറ്റികളിലും 9 ലോക്കൽ കമ്മിറ്റികളിൽ നിന്നുമായി 296-പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് സമാപിക്കും.