വഴിയോരത്ത് കച്ചവടം ചെയ്യുന്നവരിൽ നിന്നുവരെ കൈക്കൂലി വാങ്ങുന്നു
അഴിമതി തടയാൻ പുതിയ സർക്കുലർ ഇറക്കി സെക്രട്ടറി
തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾക്കുള്ള ട്രേഡ് ലൈസൻസ് (ഡി.ആൻഡ്.ഒ ) ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനത്തിന്റെ മറവിലും വൻ അഴിമതിയുള്ളതായി ആക്ഷേപം. രേഖകൾ ഹാജരാക്കിയിട്ടും ഹെൽത്ത് ഇൻസ്‌പെക്ടർമാർ സമയത്തിനു ട്രേഡ് ലൈസൻസ് നൽകുന്നില്ലെന്നാണ് പരാതി. ഓൺലൈൻ അപേക്ഷകൾ മാത്രമേ പരിഗണിക്കാവൂ എന്നിരിക്കെ അപേക്ഷകൾ നേരിട്ടെത്തിക്കാൻ ആവശ്യപ്പെടുകയും ന്യൂനതകൾ ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് ആക്ഷേപം.
പരാതികൾ വ്യാപകമായതിനെ തുടർന്ന് ട്രേഡ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കി ഹെൽത്ത് ഓഫീസർ മുതൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വരെയുള്ളവർക്ക് കോർപ്പറേഷൻ സെക്രട്ടറി സർക്കുലർ ഇറക്കി. വഴിയോരക്കച്ചവടം നടത്താൻ ലൈസൻസിന് അപേക്ഷിച്ച പഴം, പച്ചക്കറി വ്യാപാരിയോട് 2000 രൂപ കൈക്കൂലി വാങ്ങിയ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടറിനെ കഴിഞ്ഞയാഴ്ച വിജിലൻസ് പിടികൂടിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ചില സർക്കിളുകളിലെ ഉദ്യോഗസ്ഥർ ട്രേഡ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചത്. വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ നിരവധി അപേക്ഷകൾ നിശ്ചിത സമയപരിധി കഴിഞ്ഞും ചില ഉദ്യോഗസ്ഥർ തീർപ്പാക്കാത്തതായി കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുന്നുള്ളൂവെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉറപ്പാക്കണമെന്നാണ് സെക്രട്ടറിയുടെ നിർദേശം. ഇതുസംബന്ധിച്ച് ഓഫീസിനു പുറത്ത് നോട്ടീസ് പതിപ്പിക്കണം. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ അപേക്ഷ ഇങ്ങനെ
അക്ഷയസെന്റർ മുഖാന്തരമോ അപേക്ഷകർക്ക്
സ്വന്തമായി കോർപ്പറേഷൻ സൈറ്റിലൂടെയോ അപേക്ഷിക്കാം
അനുബന്ധരേഖകൾ സമർപ്പിക്കാനും ഫീസ്
ഓൺലൈനായി ഒടുക്കാനും കഴിയും
അപേക്ഷയിൽ അപാകതയുണ്ടെങ്കിൽ അഞ്ചുദിവസത്തിനുള്ളിൽ
ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അറിയിപ്പ് ലഭിക്കും
അപേക്ഷ അംഗീകരിച്ചാൽ സോണൽ ഓഫീസിലേക്ക് ഈ ഫയൽ കൈമാറും
ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ലഭ്യമാക്കും.
പരമാവധി 30 ദിവസമാണ് സമയം
30 ദിവസം അപേക്ഷയിന്മേൽ ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അനുമതി
നൽകിയതായി കണക്കാക്കി മുന്നോട്ടുപോകാം ( ഡീംഡ് ലൈസൻസ് )