cpm

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ അവിടത്തെ സ്ഥാനാർത്ഥി നിർണയത്തിലെ വിവാദവും ആശയക്കുഴപ്പവും പരിശോധിക്കാൻ രണ്ടംഗ കമ്മിഷനെ സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം ചുമതലപ്പെടുത്തി. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണനുമാണ് കമ്മിഷൻ.

തൃക്കാക്കര വിഷയത്തിൽ എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. സ്ഥാനാർത്ഥിയെ നിശ്ചയിക്കും മുമ്പേ ഒരു പേര് പ്രചരിച്ചതും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും തിരിച്ചടിയായി. സംസ്ഥാന കമ്മിറ്റിക്ക് അത് തള്ളിപ്പറയേണ്ടി വന്നത് തിരിച്ചടിയായെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇതേച്ചൊല്ലി വിവാദവും ആശയക്കുഴപ്പവുമുണ്ടായി. സ്ഥാനാർത്ഥിയെ നിശ്ചയിച്ചപ്പോൾ ആ പേര് ആയുധമാക്കാൻ എതിരാളികൾക്ക് സാധിച്ചത് ഈ ആശയക്കുഴപ്പം കാരണമാണ്. കോൺഗ്രസുകാർ മതനിരപേക്ഷവാദികളും പാർട്ടി അതിന് വിരുദ്ധരുമെന്ന നിലയിലേക്ക് പ്രചാരണം മാറി. യു.ഡി.എഫിന്റെ സിറ്റിംഗ് മണ്ഡലമായ തൃക്കാക്കരയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കൂടിയതിനാൽ പാർട്ടി വോട്ടുകൾ ചോർന്നതായി കാണാനാവില്ലെന്നും സംസ്ഥാനകമ്മിറ്റി വിലയിരുത്തി.

തൃക്കാക്കരയിൽ സർക്കാർ സംവിധാനങ്ങളുടെ അതിപ്രസരം വിനയായെന്ന അഭിപ്രായങ്ങളും ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച ഒഴിവാക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്നും ചിലർ വിമർശിച്ചു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസിന് നേർക്കുണ്ടായ അതിക്രമവും വിമർശിക്കപ്പെട്ടു. എസ്.എഫ്.ഐയുടെ പ്രതിഷേധമാർച്ച് തടയുന്നതിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കോൺഗ്രസുകാർക്ക് ആയുധമിട്ട് കൊടുത്തു. മാർച്ച് നടക്കുന്നത് അറിയിച്ചിരുന്നെങ്കിലും യുവാക്കളുടെ ആവേശം അതിരുവിട്ടെന്നാണ് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ വിശദീകരിച്ചത്. അതിക്രമത്തെ പാർട്ടി തള്ളിപ്പറയുകയും സർക്കാർ നടപടിയെടുക്കുകയും ചെയ്തിട്ടും കോൺഗ്രസുകാർ അക്രമം അഴിച്ചുവിടുന്നത് അനുവദിക്കാനാവില്ല. പാർട്ടി ഓഫീസുകൾക്കും ദേശാഭിമാനി ഓഫീസിനും നേർക്കുണ്ടായ അക്രമങ്ങളോട് മാദ്ധ്യമങ്ങൾ കണ്ണടയ്ക്കുകയാണെന്ന വിമർശനവുമുയർന്നു.

രണ്ട് ദിവസം നിശ്ചയിച്ചിരുന്ന സംസ്ഥാനകമ്മിറ്റി യോഗം ഇന്നലെ തന്നെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ സംസ്ഥാനകമ്മിറ്റി തീരുമാനങ്ങൾ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.