a

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചുതകർക്കുകയും ജീവനക്കാർക്ക് നേരെ അക്രമമഴിച്ചുവിടുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ കിരാത താണ്ഡവത്തിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് സി.പി.എം സമ്പൂർണ്ണമായി ഒറ്റപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പ്രസ്താവിച്ചു.
സി.പി.എം. പ്രവർത്തകർ പ്രതിസ്ഥാനത്തു വന്നിട്ടുള്ള അക്രമസംഭവങ്ങളെ ആദ്യഘട്ടത്തിൽ തള്ളിപ്പറയുകയും പിന്നീട് ആ പ്രതികൾക്കുവേണ്ടി സർക്കാർ പണം ദുരുപയോഗപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതിവരെ കേസ് നടത്തിയ മുഖ്യമന്ത്രിയുടെയും സി.പി.എം. നേതൃത്വത്തിന്റെയും പ്രവർത്തനശൈലി കണ്ടറിഞ്ഞ ജനങ്ങൾക്ക് വയനാട് സംഭവത്തെ അപലപിച്ചുള്ള ഇവരുടെ പ്രസ്താവനകൾ വിശ്വാസത്തിലെടുക്കാനാവില്ല.
കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിച്ച മുഴുവൻ എസ്.എഫ്.ഐ. കുറ്റവാളികൾക്കുമെതിരെ സംഘടനാപരമായും നിയമപരമായും ധാർമ്മികമായും കർശനവും മാതൃകാപരവുമായ നടപടികൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് സ്വീകരിക്കാൻ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും കഴിയണം. സംഭവത്തിൽ രാഹുൽഗാന്ധിയോടും രാഷ്ട്രത്തോടും മാപ്പ് പറയാൻ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാനസെക്രട്ടറിയും തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.