കിളിമാനൂർ: ടൗണിലെ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുനേരെ കരിങ്കൊടികാട്ടിയ മഹിളാ കോൺ​ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു. മന്ത്രി കൊച്ചുപാലത്തിൽ നാടമുറിക്കാൻ ശ്രമിക്കവെ സമീപത്തെ കടയുടെ മറവിൽ കരിങ്കൊടിയുമായി നിന്ന മഹിളാ കോൺ​ഗ്രസ് നേതാവ് ദീപാ അനിൽ പ്രകോപന മുദ്രാവാക്യവുമായി മന്ത്രിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഡിവൈ.എഫ്.ഐ പ്രവർത്തകരും പൊലീസും ചേർന്ന് ഇവരെ ത‌ടയുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ടൗണിൽ വൈകിട്ട് ആറരയ്ക്കാണ് മന്ത്രി റിയാസിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്.എന്നാൽ വെ‍ഞ്ഞാറമൂട്ടിലെ രണ്ടു പരിപാടികള‍ിൽകൂടി പങ്കെടുക്കേണ്ടതിനാൽ വൈകി മന്ത്രി എത്തുമെന്നാണ് അറിയിച്ചിരുന്നത്. മന്ത്രി 8 മണിക്കാണ് എത്തിയത്. രാഹുൽ​ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസുകാർ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.