1

വിഴിഞ്ഞം: വിവാഹ മണ്ഡപത്തിൽ താലികെട്ട് കഴിഞ്ഞയുടൻ വധുവും വരനും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു.

ഇരുവരുടെയും മാതാപിതാക്കൾക്ക് പുസ്തകം കൈമാറിയായിരുന്നു പ്രകാശനം. കോട്ടുകാൽ പയറുമൂട് തിരുവാതിരയിൽ എൽ.എൽ. നിത്യാലക്ഷ്മി എഴുതിയ 18 കഥകളുടെ സമാഹാരമാണ് പ്രകാശനം ചെയ്തത്.

നിത്യാലക്ഷ്മിയും വരൻ പോത്തൻകോട് പണിമൂല സ്വദേശി എസ്.ആർ. പ്രശാന്തും ചേർന്ന് ഇരുവരുടെയും മാതാപിതാക്കൾക്ക് പുസ്തകം കൈമാറുകയായിരുന്നു. നിത്യ സാമൂഹ്യ മാദ്ധ്യമങ്ങളിലും മാഗസിനുകളിലും എഴുതാറുണ്ടെങ്കിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്. അതിന് തിരഞ്ഞെടുത്തത് വിവാഹ ദിനവും. ഉച്ചക്കട കിടാരക്കുഴി ശ്രീദേവി കല്യാണമണ്ഡപത്തിലായിരുന്നു വ്യത്യസ്തമായൊരു പുസ്തക പ്രകാശം നടന്നത്.

വിവാഹവേദിയിൽ ബന്ധുക്കൾ എല്ലാം ഉണ്ടായിരുന്നതിനാൽ നിരവധി പുസ്തകങ്ങൾക്ക് അന്ന് തന്നെ ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നുവെന്നും 'പെൺ ചരിതങ്ങൾ' എന്ന പേരിട്ട പുസ്തകത്തിൽ നന്മയും തിന്മയും ആശയും നിരാശയും അതിജീവനവും ക്രൂരമായ പ്രതികാരവും ഉള്ളിലിട്ട് നടക്കുന്ന 18 സ്ത്രീകളുടെ ദൈവീകവും പൈശാചികവുമായ മുഖങ്ങളാണെന്നും നിത്യ പറഞ്ഞു. സമാഹാരത്തിലെ ആദ്യ കഥയ്ക്ക് തെളിനീർ ട്രസ്റ്റിന്റെ ഈ വർഷത്തെ യുവകഥാപുരസ്കാരം ലഭിച്ചു. പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രമുഖ ഓൺലൈൻ വ്യാപാരസൈറ്റായ ആമസോണിലും ലഭ്യമാണ്.