
കുളത്തൂർ: പിണറായി സർക്കാർ അക്രമികളെ അഴിച്ചുവിട്ട് സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനം കെടുത്തുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക, കേരളീയരുടെ സ്വപ്‌ന പദ്ധതിയായ എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വി.ജി. വിഷ്‌ണു നയിച്ച പദയാത്ര കഴക്കൂട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വർഷം ഏപ്രിൽ വരെ 335 കിലോമീറ്റർ റോഡിനായി 27,520 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചുനൽകിയിരുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിന് വേറെയും ഫണ്ടുകൾ അനുവദിച്ചു. എന്നാൽ ഇവ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി ജനത്തെ പറ്റിക്കുകയാണ്. കഴിഞ്ഞ കൊവിഡ് സമയത്ത് 20 ദശലക്ഷം ടൺ ഭക്ഷ്യധാന്യം മോദി സർക്കാർ കേരളത്തിന് നൽകിയതായി മുരളീധരൻ പറഞ്ഞു.
യോഗത്തിൽ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ.വി.ജി. വിഷ്‌ണുവിനെ വി. മുരളീധരൻ സ്വീകരിച്ചു. ഞാണ്ടൂർക്കോണത്ത് നിന്നാരംഭിച്ച പദയാത്ര അഡ്വ.പി. സുധീർ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ചെമ്പഴന്തി ഉദയൻ, സനോദ് എം, സുനിൽ ചോട്ടു, കഴക്കൂട്ടം അനിൽ, പ്രദീപ് കുമാർ, അർച്ചന മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച
പദയാത്ര കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു