ശ്രീകാര്യം: ഇടതുപക്ഷത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് വയനാട്ടിൽ അരങ്ങേറിയതെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സി.പി.ഐ കഴക്കൂട്ടം മണ്ഡലം പ്രതിനിധി സമ്മേളനം ശ്രീകാര്യം കലാബാഷ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതി യുവാക്കളുടെ ഭാവി തകർക്കാൻ മാത്രമാണ് ഉതകുന്നതെന്നും കരാർ നിയമനം ഇന്ത്യൻ മിലിട്ടറിയെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ 10ന് കല്ലമ്പള്ളി ചെറുവയ്‌ക്കൽ രാജൻ നഗറിൽ മുതിർന്ന നേതാവ് അയ്യപ്പൻ ചെട്ടിയാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജെ. വേണുഗോപാലൻ നായർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രാധാകൃഷ്ണൻനായർ, പി.എസ്. ഷൗക്കത്ത്, പി.കെ. രാജു, മനോജ് ഇടമന എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ച സമ്മേളനം ഇന്നലെ പൂർത്തിയാക്കി. സമ്മേളനം ഇന്ന് പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കും. മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരൻ, സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ് തുടങ്ങിയവർ പങ്കെടുക്കും.