1

തിരുവനന്തപുരം: ഇനിയെന്ന് ചാല തെരുവ് നവീകരിച്ച് കാണാനാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. ചാല കമ്പോളത്തിന്റെ മുഖം മാറ്റുന്ന പൈതൃക തെരുവ് പദ്ധതി ഇപ്പോൾ പാതി വഴിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് തിരക്കിട്ട് ആദ്യ ഘട്ടം ടൂറിസം വകുപ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് പദ്ധതി ഒരിഞ്ച് പോലും മുന്നോട്ട് പോയില്ല. മാറി വന്ന സർക്കാരും പദ്ധതിക്ക് മുൻകൈയെടുത്തില്ല.

പദ്ധതിയുടെ ഭാഗമായി പച്ചക്കറി മാർക്കറ്റിന്റെ നവീകരണമാണ് ആദ്യം പൂർത്തീകരിച്ചത്. ട്രിഡയ്ക്ക് വേണ്ടി മാർക്കറ്റ് രൂപകല്പന ചെയ്തത് ഡോ. ജി. ശങ്കറാണ്. തറയോട് പാകി ഫാനുകളും ലൈറ്റുകളും സജ്ജീകരിച്ച് 233 സ്റ്റാളുകൾ നിർമ്മിച്ചതിനൊപ്പം 25 പഴയ കടകളും നവീകരിച്ചു. ഇത് മാത്രമാണ് നിലവിൽ ചെയ്തത്. 10 കോടിയാണ് പദ്ധതി തുക.

പ്രഖ്യാപിച്ചത്

ചാല പൈതൃക തെരുവ് പദ്ധതിയുടെ ഭാഗമായി കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃക തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കും. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും മേൽക്കൂരയോട് കൂടിയ നടപ്പാതയും വിശ്രമ ബെഞ്ചുകളും പൂച്ചെടികളും എല്ലാം പൈതൃകത്തെരുവിൽ ഒരുക്കും. ഗാന്ധിപാർക്കിന് എതിർവശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയിൽ പ്രവേശനകവാടമൊരുക്കും.

കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോർഡുകളും, ഒരേ തരം നിറവും വ്യാപാര സ്ഥാപനങ്ങളെ ആകർഷകമാക്കും. ആര്യശാല ജംഗ്ഷനിൽ പഴയ തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും. ചിത്ര മതിലുകളും മറ്റുമൊരുക്കി ആര്യശാലയിൽ പരമ്പരാഗത ഭംഗി നിലനിറുത്തിയുള്ള സൗന്ദര്യവത്കരണം നടത്തും. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും. ഈ പദ്ധതികൾ ചെയ്യുന്നത് ടൂറിസം വകുപ്പാണെങ്കിലും അതിനകത്തുള്ള റോഡുകളും ഓടകളും വൃത്തിയാക്കി പുതിയ രീതിലാക്കാനുള്ള ചുമതല സ്മാർട്ട് സിറ്റിയാണ് കരാർ എടുത്തിരിക്കുന്നത്.

പദ്ധതിയിൽ മാറ്റം വരുത്താൻ സാദ്ധ്യത

പദ്ധതി മുന്നോട്ട് പോകാൻ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യം പ്രഖ്യാപിച്ച പദ്ധതിയിൽ നിന്ന് മാറ്റം വരുത്തി ചെയ്യാനാണ് സാദ്ധ്യത. പദ്ധതിക്ക് ഏറെ വൈകല്യങ്ങളുണ്ടെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. തദ്ദേശം,​ടൂറിസം,​പുരാവസ്തു വകുപ്പ് മന്ത്രിമാരുടെയും മേധാവിമാരുടെയും ചർച്ചയ്ക്ക് ശേഷമാകും പദ്ധതി മാറ്റി പുതിയ രീതിയിൽ ആവിഷ്കരിക്കുന്നത്.

ചരിത്രം ഉറങ്ങുന്ന ചാല കമ്പോളം

അനിഴംതിരുനാൾ മഹാരാജാവിനുശേഷം തിരുവിതാംകൂർ മഹാരാജാവായ ധർമ്മരാജാവിന്റെ ദിവാനായ രാജാകേശവദാസാണ് ചാലക്കമ്പോളം നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയതിനുശേഷമാണ് ഇന്നുകാണുന്ന രീതിയിൽ ചാലക്കമ്പോളം വികസിച്ചത്. തിരുവനന്തപുരം തിരുവിതാംകൂറിന്റെ തലസ്ഥാനമായതോടെയാണ് ചാലക്കമ്പോളത്തിന്റെ പ്രസക്തി വർദ്ധിച്ചത്. പല സ്ഥലങ്ങളിലുള്ള കച്ചവടക്കാർ ചാലക്കമ്പോളത്തിലെത്തി വില്പന നടത്തുകയും അവിടെ സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്ന് കരമന, കിള്ളി ആറുകൾ വഴി എത്തിച്ചിരുന്ന കച്ചവട ചരക്കുകൾ തിരുവിതാംകൂറിലെമ്പാടും വിതരണം ചെയ്തിരുന്നത് ചാലയിൽ നിന്നാണ്.സ്വർണം മുതൽ പൂവും പച്ചക്കറിയും വരെ നീളുന്നതായിരുന്നു ഇവിടത്തെ കച്ചവടം.