
കൊച്ചി: സ്വത്തുതർക്കത്തെ തുടർന്ന് കിടപ്പുരോഗിയായ ബന്ധുവിനെ മർദ്ദിച്ചുകൊന്നയാൾ റിമാൻഡിൽ. മൂലമ്പിള്ളി കൊണ്ടോത്ത് മാർട്ടിൻ ഗോമസിന്റെ വളർത്തുപുത്രൻ മെൽവിനാണ് (38) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മാർട്ടിന്റെ സഹോദരൻ ഡേവിഡ് ഗോമസാണ് (67) കൊല്ലപ്പെട്ടത്. ഡേവിഡ് ഗോമസിന്റെ സ്വത്തുവകകൾ തന്റെ പേരിലേക്ക് മാറ്റിത്തരാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഡേവിഡിനെ അവശനിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലേറ്റ മാരക പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് മെൽവിനെ ചോദ്യം ചെയ്യുകയായിരുന്നു. കിടപ്പുരോഗിയായ ഡേവിഡിന്റെ ഭാര്യ നേരത്തേ മരിച്ചു. മക്കളില്ല. സഹായത്തിന് നിന്നിരുന്നത് മെൽവിനാണ്. ചോദ്യം ചെയ്യലിൽ പണ സംബന്ധമായ തർക്കത്തെത്തുടർന്ന് മർദ്ദിച്ചെന്നും മദ്യലഹരിയിലാണിത് ചെയ്തതെന്നും മെൽവിൻ സമ്മതിച്ചു. തുടർന്ന്വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി.