തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 'നശാമുക്ത്' വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഷൈനിമോൾ. എം നിർവഹിച്ചു. വാരാചരണത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, സ്‌ക്രീനിംഗ്, ഡെന്റൽ ക്യാമ്പ്, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാജാഥകൾ, ഫ്ളാഷ്മോബ്, തെരുവുനാടകം, നാടൻപാട്ട്, എന്നിവയും നടത്തും. ജൂലായ് രണ്ട് വരെയാണ് ജില്ലയിൽ 'നശാമുക്ത്' വാരാചരണം. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ ചോനമ്പാറ ട്രൈബൽ സെറ്റിൽമെന്റിൽ നടന്ന ചടങ്ങിൽ ചോനമ്പാറ വാർഡ് മെമ്പർ ശ്രീദേവി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആശാഭവൻ സൂപ്രണ്ട് ഷൈനി, ലയോള കോളേജ് പ്രൊഫസർ ഫ്രാൻസീന സേവിയർ, വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.