തിരുവനന്തപുരം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഞാറ്റുവേല ചന്തയും കർഷകസഭകളും നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനോടൊപ്പം ജില്ലാതല കർഷക അവാർഡ് വിതരണവുമുണ്ടാകും. പൂജപ്പുര മണ്ഡപത്തിൽ വൈകിട്ട് 4.30ന് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും.
കർഷകരുടെ നേതൃത്വത്തിൽ ഘോഷയാത്രയും ഉണ്ടാകും. ഇന്ന് മുതൽ 30വരെ പൂജപ്പുര മണ്ഡപത്തിലും സമീപത്തുമായി ഞാറ്റുവേല ചന്തയും സെമിനാറുകളും പ്രദർശന മേളയും കർഷകരുടെ അനുഭവം പങ്കുവയ്ക്കലും, വിവിധ കലാപരിപാടികളും നടക്കും. ഞാറ്റുവേല ചന്തയിൽ വിഷരഹിത നാടൻ പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഇലക്കറികൾ, കയർ ഉത്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ, മറ്റ് മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും ഉണ്ടാകും. കാർഷിക യന്ത്ര - സേവന ദാതാക്കളായ കാർഷിക കർമ്മസേനകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ സേവനം ലഭ്യമാക്കാൻ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.