thakarnna-road

കല്ലമ്പലം: വർഷങ്ങളായി കല്ലമ്പലം - നഗരൂർ റോഡ്‌ തകർന്നിട്ട് നാളുകളായി. കഴിഞ്ഞ ആറുവർഷമായി അറ്റകുറ്റപ്പണികൾ ചെയ്യാത്ത റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്ക്കരമാണ്. കല്ലമ്പലം ജംഗ്ഷനടുത്ത് ഓട്ടോ സ്റ്റാൻഡിന് സമീപവും പുല്ലൂർമുക്ക് ഗുരുമന്ദിരത്തിനു സമീപവുമാണ് റോഡ്‌ പൂർണ്ണമായും തകർന്നത്. നിരവധി തവണ നാട്ടുകാർ റോഡിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. കരവാരം പഞ്ചായത്ത്‌ പരിധിയിലാണ് കൂടുതലായും റോഡ്‌ തകർന്നിട്ടുള്ളത്. പി.ഡബ്ല്യൂ.ഡി റോഡ്‌ ആയതിനാൽ പഞ്ചായത്തും റോഡിനെ അവഗണിച്ചു.

കുഴികൾ മാത്രം

2016 -ൽ നബാർഡിന്റെ ആർ.ഐ.ഡി ഫണ്ട് ഉപയോഗിച്ചാണ് പി.ഡബ്ല്യൂ.ഡി കല്ലമ്പലം മുതൽ ചെമ്മരത്ത്മുക്ക് വരെയുള്ള റോഡ്‌ നവീകരിച്ചത്. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോഴേ റോഡുകളിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങി. കുഴികളടയ്ക്കാനുള്ള കരാറുകാരന്റെ ബാദ്ധ്യതാ കാലാവധിയും അവസാനിച്ചിട്ടും കുഴികളൊന്നും അടച്ചില്ല. ഓടകൾ നിർമ്മിക്കാതെയുള്ള അശാസ്ത്രീയമായ റോഡ്‌ നിർമ്മാണമാണ് റോഡ്‌ തകരാൻ കാരണം. കല്ലമ്പലം മുതൽ പുതുശ്ശേരിമുക്ക് വരെ രണ്ടു കിലോമീറ്ററിനുള്ളിൽ 100ൽ പരം കുഴികളാണ് രൂപാന്തരപ്പെട്ടിരിയ്ക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന കുഴികളുടെ ആഴം മനസ്സിലാകാതെ ഇരു ചക്ര വാഹനങ്ങളും മറ്റും അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. റോഡിൽ സ്ഥിരമായി വെള്ളക്കെട്ടുള്ള രണ്ടിടത്ത് ഇന്റർലോക്ക് പാകിയെങ്കിലും ഉറപ്പില്ല.