കിളിമാനൂർ: കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിയിരുന്ന കൊടിമരങ്ങളും പതാകകളും വ്യാപകമായി നശിപ്പിച്ചു. അക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കിളിമാനൂർ പൊലീസിൽ പരാതി നൽകി. മലയാമഠം പുളിമ്പള്ളിക്കോണത്ത് സ്ഥാപിച്ചിരുന്ന ഐ.എൻ.ടി.സിയുടെ കൊടിമരം, ആലത്തുകാവ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസിന്റെ കൊടിമരം, പോങ്ങനാട് ജംഗ്ഷനിലെ കോൺഗ്രസ് പതാകകളുമാണ് കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. സാമൂഹ്യവിരുദ്ധരെ പൊലീസ് അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി 11ഓടെ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് പാർട്ടി കൊടിമരവും പതാകയും നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും പ്രതികളെ അറസ്റ്റുചെയ്യാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനൂപ് തോട്ടത്തിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു.