
തിരുവനന്തപുരം: ഭക്തമീരയുടെ രസഭാവങ്ങൾ പകർന്ന 'കൃഷ്‌ണമയീ മീര' കഥക് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ കാണികൾക്ക് ദൃശ്യാനുഭവമായി. നാട്യോത്സവം ഡാൻസ് ഫെസ്റ്റിവെല്ലിലെ നാലാം ദിനത്തിലാണ് പ്രശസ്‌ത കഥക് നർത്തകരായ കമലിനി അസ്ഥാന, നളിനി അസ്ഥാന എന്നിവർ കഥക് നൃത്തം 'കൃഷ്ണമയീ മീര' അവതരിപ്പിച്ചത്.
മീരയുടെ ജനനം മുതൽ കൃഷ്ണനിൽ അലിഞ്ഞു ചേരുന്നതുവരെയുള്ള കഥാ സന്ദർഭങ്ങളെ കഥകിലൂടെ പ്രേക്ഷരുമായി സംവദിക്കുകയായിരുന്നു.
ഭക്തിയെ തള്ളിപ്പറഞ്ഞവരും അത് മുടക്കാൻ ശ്രമിച്ചതും ഒടുവിൽ മീരയുടെ ഭക്തിയുടെ ശക്തിയും ദൈവിക സാന്നിദ്ധ്യവും തിരിച്ചറിയുന്നതും മീരയുടെ ഭജനിൽ ദ്വാരക വാതിൽ തനിയെ തുറക്കുന്നതും എല്ലാം മറന്നു ശ്രീകോവിലിലേക്കു ഓടിക്കയറിയ മീര കൃഷ്ണവിഗ്രഹത്തിലേക്കു അലിഞ്ഞു അപ്രത്യക്ഷയാകുകയും ചെയ്യുന്ന കഥാമൂഹൂർത്തങ്ങൾ കാണികൾ മതിമറന്ന് ആസ്വദിച്ചു.
ഗുരുഡോ അറ്റാസി മിസ്രയുടെ ഒഡിസി നൃത്തവും പ്രേക്ഷ ശ്രദ്ധനേടി. ഡൽഹിയിലുള്ള കലാ കല്പ്പ് സംസ്‌കൃതി സധൻ വിദ്യാർത്ഥികളും ഗുരു അറ്റാസി മിസ്രയും ചേർന്ന് ചുവടുകൾ വച്ചു. നവരസാഭിനമാണ് നൃത്താവിഷ്‌കാര രൂപത്തിൽ അവതരിപ്പിച്ചത്. തുടർന്ന് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കേരളനടനവും അരങ്ങേറി.