നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ തപസനുഷ്ഠിച്ച പുണ്യഭൂമിയായ അരുവിപ്പുറം കൊടിതൂക്കിമലയിലെ ഭൂമി, മാഫിയ കൈയേറി കുന്നിടിക്കലും പാറപൊട്ടിക്കലും നടത്തുന്നതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുങ്കടവിള യൂണിറ്റ് യോഗം.അധികൃതർക്ക് യോഗം പരാതി നൽകി.കൊടിതൂക്കിമലയുടെ തുടർകുന്നുകളായ തെക്കേത്തട്ട്, വടക്കേത്തട്ട്, തെക്കേക്കര, പുലിവാതുക്കൽ എന്നിവിടങ്ങളിലാണ് ഭൂമാഫിയ മോഹവില നൽകി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നത്. പ്രദേശത്ത് സ്ഥിരതാമസമില്ലാത്ത ആളുകളാണ് ഇവർ. മുമ്പ് ഇത്തരത്തിൽ ഒരു സംഘത്തിന്റെ പ്രവർത്തനം നാട്ടുകാരുടെ പ്രതിഷേധത്താൽ നിർത്തിവയ്പ്പിച്ചിരുന്നു. ആ സംഘത്തിന്റെ ഒത്താശയോടെയാണ് പുതിയ നീക്കമെന്നും നിരവധി കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്ന് പരിഷത്ത് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് യോഗം വ്യക്തമാക്കി. ഷിബു അരുവിപ്പുറം, തുയൂർ വിക്രമൻ നായർ, എസ്. വേലുക്കുട്ടിപ്പിളള തുടങ്ങിയവർ പങ്കെടുത്തു.