pic1

നാഗർകോവിൽ: ചരിത്ര പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രം വർഷങ്ങൾക്കുശേഷം കുംഭാഭിഷേകത്തിനൊരുങ്ങി. ജൂലായ് 6ന് രാവിലെ 5.10നും 5.50നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കുംഭാഭിഷേക ചടങ്ങുകൾ നടക്കും.

നവീകരണ കലശവും കൊടിമര പ്രതിഷ്ഠയും കുംഭാഭിഷേകത്തിന്റെ ഭാഗമായി നടക്കും. ബുധനാഴ്ച മുതൽ കുംഭാഭിഷേകത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ ആരംഭിക്കും. 418 വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടക്കുന്നത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എംകെ സർക്കാർ ഭരണത്തിൽ കയറിയ ശേഷമാണ് പണികൾ പൂർത്തിയാക്കി കുംഭാഭിഷേകം നടത്താനുള്ള നടപടി അധികൃതർ സ്വീകരിച്ചത്. കുംഭാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ജൂലായ് 6ന് ഒരുലക്ഷംപേർ ക്ഷേത്രത്തിലെത്തി ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്ര മാനേജർ മോഹനകുമാർ പറഞ്ഞു.

പ്രധാന പ്രതിഷ്‌ഠ അനന്തപദ്മനാഭൻ

അനന്തപദ്മനാഭനാണ് പ്രധാന പ്രതിഷ്ഠ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയെപ്പോലെ ശയന രൂപത്തിലാണ് ഇവിടത്തെ വിഗ്രഹം. തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാതയിൽ മാർത്താണ്ഡത്തുനിന്ന് കുലശേഖരം പോകുന്ന വഴിയിൽ തിരുവട്ടാർ ഡിപ്പോയ്‌ക്ക് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.