നാഗർകോവിൽ: വീട്ടുടമയും കുടുംബവും ചെന്നൈയിൽ പോയ തക്കംനോക്കി വീ‌ടിന്റെ പിൻവാതിൽ തകർത്ത് അലമാരയിൽ നിന്ന് 83 പവന്റെ ആഭരണങ്ങളും ഒന്നര കിലോ വെള്ളിയും കവർന്നു. കോട്ടാർ, വടലിവിള സ്വദേശി പ്രേമയുടെ (48) വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് പ്രേമയും കുടുംബവും ചെന്നൈയിൽ പോയിരുന്നു. പിറ്റേന്ന്, അയൽവാസി നായ്ക്ക് ഭക്ഷണം കൊടുക്കാൻ പ്രേമയുടെ വീട്ടിലെത്തിയപ്പോൾ പിൻ വാതിൽ തകർന്ന് കിടക്കുകയായിരുന്നു.വിവരമറിഞ്ഞ് പ്രേമ രാത്രി ചെന്നൈയിൽ നിന്ന് വീട്ടിൽ വന്നപ്പോൾ കിടപ്പു മുറിയിലെ അലമാര തകർത്ത നിലയിൽ കണ്ടു. നാഗർകോവിൽ ഡിവൈ.എസ്‌പി നവീൻകുമാർ, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.