
തിരുവനന്തപുരം: മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ നിയമസഭാ സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പ്രതിപക്ഷ ബഹളത്തിനിടെ മന്ത്രി വി.എൻ.വാസവൻ അവതരിപ്പിച്ച ബിൽ ചർച്ച കൂടാതെയാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
പ്രസിഡന്റ് ഇല്ലാത്ത ക്ഷീരസഹകരണ സംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർക്കും അദ്ദേഹം നാമനിർദേശം ചെയ്യുന്ന ഒരു അംഗത്തിനും വോട്ടവകാശം ലഭിക്കാൻ ക്ഷീരസഹകരണ നിയമം ഭേദഗതി ചെയ്തിറക്കിയ ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചിരുന്നു. നിയമസഭാ സമ്മേളനം നിശ്ചയിച്ചതിനാൽ ബില്ലായി സഭയിൽ അവതരിപ്പിക്കാനാണ് ഗവർണർ നിർദ്ദേശിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് നിലവിൽ വോട്ടവകാശമുള്ളത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശം ലഭിച്ചാൽ വോട്ടെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് ഇല്ലാത്ത ക്ഷീര സംഘങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതിയെന്നാണ് സർക്കാർ നിലപാട്.
മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ 56 ക്ഷീരസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. മേഖലാ യൂണിയൻ തിരഞ്ഞെടുപ്പിൽ 55 അഡ്മിനിസ്ട്രേറ്റർമാർ വോട്ട് ചെയ്‌തിരുന്നു.ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
യൂണിയനിലെ യു.ഡി.എഫ്. നേതൃത്വത്തെ പുറത്താക്കാൻ കഴിഞ്ഞവർഷവും നിയമഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ആ ഓർഡിനൻസിൽ സംഘം പ്രസിഡന്റുമാർക്കേ വോട്ടുചെയ്യാൻ അധികാരുമുള്ളൂവെന്ന വ്യവസ്ഥയാണ് കൊണ്ടുവന്നത്. ഇത് പിന്നീട് ബില്ലായി നിയമസഭ പാസാക്കി. ഈ നിയമത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്.
സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുനൽകലും സംബന്ധിച്ച ബിൽ ഇന്നലെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വനം മന്ത്രി എത്താത്തതിനാൽ മാറ്റിവച്ചു.