തിരുവനന്തപുരം: മലയാളി​ ശീലമാക്കി​യ താളത്തി​ന്റെ പേരാണ് കാവാലമെന്ന് കേന്ദ്രമന്ത്രി​ വി​. മുരളീധരൻ പറഞ്ഞു. ഐ.സി.സി​.ആറും കാവാലം സംസ്‌കൃതി​യും പൊലി​ പൊലി​ക ഓർമ്മ 2022 എന്ന പേരിൽ ചേർന്നൊരുക്കി​യ കാവാലം സ്‌മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ നാട്യസംസ്കൃതിക്കുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു കാവാലം നാരായണപ്പണിക്കരുടേതെന്നും മന്ത്രി പറഞ്ഞു. പ്രഥമ അവനവൻ കടമ്പ പുരസ്‌കാരം സംവിധായകനും നാടക പ്രവർത്തകനുമായ അരുൺലാലിന് വി. മുരളീധരൻ നൽകി.

കാവാലം നാടകങ്ങൾക്കായി ഒരു പഠനകേന്ദ്രം ഒരുക്കണമെന്ന് അദ്ധ്യക്ഷനായിരുന്ന കെ. കലാധരൻ പറഞ്ഞു. തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ നടന്ന ചങ്ങിൽ സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ.കരുൺ, ഐ.സി.സി.ആർ ഡയറക്ടർ കെ. അയ്യനാർ, സജി കമല, സഞ്ജീവൻ അഴീക്കോട്, കാവാലം സജീവൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാവാലത്തിന്റെ പത്തോളം നാടകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങൾ കോർത്തിണക്കി അരങ്ങുപൊലിയും നടന്നു.

രാവിലെ ന‌ടന്ന അറിവുപൊലി സെമിനാർ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്‌തു. പുതിയ തലമുറയിലെ കുട്ടികൾക്കായി മലയാളത്തിന്റെ താളങ്ങൾ ചൊല്ലിക്കൊടുക്കുന്ന താളക്കളരിയും കാവാലത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ പാട്ടുപൊലിയും കൊണ്ട് അനുസ്‌മരണ പരിപാടി മികച്ചതായി.