തിരുവനന്തപുരം:കൃഷിയെ ഗൗരവകരമായി കാണുന്ന പുതു തലമുറയാണ് നമുക്കുള്ളതെന്നും ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.കൃഷിവകുപ്പ് സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തകളുടെ ഉദ്ഘാടനം പൂജപ്പുര മണ്ഡപത്തിൽ നിർവഹിക്കുകയായിരുന്നു സ്പീക്കർ.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷ വഹിച്ചു. മികച്ച കർഷകനായ ജെ. ജോർജിൽ നിന്ന് നടീൽവസ്തുക്കൾ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി മികച്ച കുട്ടിക്കർഷകനായ ഗോപീകൃഷ്ണന് കൈമാറി.കർഷക സഭകളുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ.രാജു, വാർഡ് കൗൺസിലർ വി.വി.രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ നിതിൻ,ഭാഗ്യചിഹ്നമായ ചില്ലു എന്ന അണ്ണാറക്കണ്ണനെ രൂപകല്പന ചെയ്ത ദീപക് മൗത്താട്ടിൽ എന്നിവർക്ക് സ്പീക്കർ അവാർഡ് നൽകി.തുടർന്ന് ജില്ലാതല കർഷക അവാർഡുകൾ സ്പീക്കറും മന്ത്രിമാരും ചേർന്ന് വിതരണം ചെയ്തു.കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ,കൃഷി അഡീഷണൽ ഡയറക്ടർ രാജേശ്വരി. .എസ്.ആർ എന്നിവർ പങ്കെടുത്തു.