
തൃശൂർ: അച്ഛനോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 16 വയസുകാരിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ, എറണാകുളം റെയിൽവേ പൊലീസ് പെൺകുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്തു. അതേസമയം, ട്രെയിനിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ ദളിത് സംഘടനകൾ പ്രതിഷേധത്തിനുള്ള ഒരുക്കത്തിലാണ്.
ഇതിന്റെ ഭാഗമായി ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. സംഭവസ്ഥലം എറണാകുളമായതിനാൽ കേസ് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. കഴിഞ്ഞദിവസം തൃശൂർ റെയിൽവേ പൊലീസ് അച്ഛന്റെയും മകളുടെയും മൊഴിയെടുത്തിരുന്നു. തുടർന്ന് ആറ് പേർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസുമെടുത്തു.
തുടർന്നാണ് കേസ് കൈമാറിയത്. ശനിയാഴ്ച രാത്രി 7.50ന് ഗുരുവായൂരിലേക്കുള്ള സ്പെഷ്യൽ ട്രെയിനിലായിരുന്നു സംഭവം. എറണാകുളം സൗത്ത് ജംഗ്ഷനിൽ നിന്നായിരുന്നു അച്ഛനും മകളും കയറിയത്. ഗാർഡിന്റെ കാബിന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന കമ്പാർട്ട്മെന്റിലായിരുന്നു യാത്ര. കാലിൽ മുറിവുണ്ടായിരുന്നതിനാൽ ട്രെയിനിൽ കയറിയ ഉടൻ മകളുടെ മടിയിൽ തലവെച്ചാണ് അച്ഛൻ കിടന്നിരുന്നത്. മുന്നിലിരുന്നയാൾ കാലിൽ സ്പർശിക്കാൻ ശ്രമിക്കുന്നതായി മകൾ പറഞ്ഞപ്പോൾ, ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കവും അതിക്രമവുമുണ്ടായത്.