വിതുര: വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ മോഷണവും സാമൂഹിക വിരുദ്ധശല്യവും വർദ്ധിക്കുന്നതായി പരാതി. പുറത്തുനിന്നുള്ള സംഘങ്ങളാണ് ആദിവാസിമേഖലകളിൽ വ്യാപകമായി കടന്നുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മാസങ്ങളായി ഇതാണ് അവസ്ഥ. വിതുരയിൽ കല്ലാർ മൊട്ടമൂട്, കൊമ്പ്രാംകല്ല്, അല്ലത്താര, ചാമക്കര, ആറാനക്കുഴി മേഖലകളിലാണ് സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നത്. കല്ലാർ മൊട്ടമൂട് മേഖലയിൽ അനവധി വീടുകളിൽ അടുത്തിടെ മോഷണം നടന്നു. പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടേയും ശല്യം മൂലം ജീവിതം ദുരിതപൂർണമാണെന്ന് ആദിവാസികൾ പറയുന്നു. മാത്രമല്ല വനാന്തരങ്ങൾ കേന്ദ്രീകരിച്ച് വ്യാജവാറ്റും കൊഴുക്കുന്നുണ്ട്. നിർദ്ധനരായ ആദിവാസികളെ ചൂഷണം ചെയ്താണ് വാറ്റ് നടത്തുന്നത്. വാറ്റിനായി അനവധി സംഘങ്ങൾ വനമേഖലയിൽ തമ്പടിച്ചതായും പറയുന്നു. മാത്രമല്ല ആദിവാസി മേഖലകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും വിറ്റഴിക്കുന്നുണ്ട്.
ലഹരിവില്പ സജീവം
അടുത്തിടെ അനവധി യുവാക്കളെ ലഹരിവില്പനയ്ക്കിടയിൽ വിതുര, തൊളിക്കോട് മേഖലയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇക്കൂട്ടർ വിദ്യാർത്ഥികൾക്കിടയിൽവരെ വൻതോതിൽ ലഹരിപദാർത്ഥങ്ങൾ വിറ്റഴിക്കുന്നുണ്ട്. മാത്രമല്ല കല്ലാർ, പൊൻമുടി, പേപ്പാറ, ബോണക്കാട് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലും ലഹരി വില്പന തകൃതിയാണ്. അനവധി സംഘങ്ങളാണ് ലഹരിവില്പനക്കായി കളത്തിലുള്ളത്.
റെയ്ഡ് നടത്തും
ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആദിവാസികളുടെ പരാതി. അതേസമയം ആദിവാസിമേഖലയിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്ക് തടയിടാൻ അടിയന്തരനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞു. മാത്രമല്ല എക്സൈസും,ഫോറസ്റ്റുമായി സഹകരിച്ച് ശക്തമായ റെയ്ഡുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആദിവാസിമേഖലയിൽ ടൂറിസ്റ്റ് ശല്യം
വിതുര പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ സ്വദേശികളായ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവരിൽ പലരും ആദിവാസികളായ സ്ത്രീകളെ ശല്യംചെയ്യുന്നതായും പരാതിയുണ്ട്. പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറയിലും മറ്റും എത്തുന്ന യുവസംഘങ്ങളാണ് ആദിവാസി മേഖലകളിൽ അതിക്രമിച്ചുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വനത്തിലൂടെ ഒറ്റക്ക് സഞ്ചരിച്ച സ്ത്രീകളേയും പെൺകുട്ടികളേയും ശല്യം ചെയ്ത അനവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.