ll

തിരുവനന്തപുരം:പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഗവേഷണ കേന്ദ്രവും ജൂലായ് 4ന് നാടിനായി സമർപ്പിക്കും. ആത്മീയതയ്ക്ക് പുറമേ ഭാഷയിലും സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചട്ടമ്പി സ്വാമികൾക്കുള്ള സമർപ്പണമായി എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയനാണ് ഇവ നിർമ്മിച്ചത്.

4ന് രാവിലെ 7.30 നും 8.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിഗ്രഹപ്രതിഷ്ഠ നടക്കുന്നത്. തുടർന്ന് 11ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണവും പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.വൈകിട്ട് പ്രത്യേക പൂജകളും ഭജനയും ഉണ്ടാകും.

ജന്മഗൃഹമായ ഉള്ളൂർകോട് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തോടു ചേർന്ന ഭൂമിയിലാണ് സ്മാരകം. വാസ്തുശാസ്‌ത്രം അനുസരിച്ച് സുനിൽ പ്രസാദ് രൂപകല്പന ചെയ്ത ക്ഷേത്രത്തിൽ ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കും. വെട്ടുകല്ലിലാണ് ക്ഷേത്ര നിർമ്മാണം.പ്രതിഷ്ഠയുടെ അവസാന മിനുക്കു പണിയും ശില്പി ഷമ്മി പ്രസാദ് കരമനയിൽ പൂർത്തിയാക്കി.സുനിൽ പ്രസാദിന്റെ സഹോദരനാണ് ഷമ്മി പ്രസാദ്.രണ്ട് വർഷത്തോളം സമയമെടുത്താണ് ഷമ്മി പ്രസാദ് വിഗ്രഹം പൂർത്തീകരിച്ചത്.

ക്ഷേത്രത്തിനൊപ്പം നിർമ്മിക്കുന്ന രണ്ട് നില കെട്ടിടത്തിലാണ് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ചട്ടമ്പിസ്വാമിയുടെ ഗ്രന്ഥങ്ങളടങ്ങുന്ന ഗ്രന്ഥശാലയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കും.

വിഗ്രഹ പ്രയാണം ഇന്നു മുതൽ

പ്രതിഷ്ഠയ്ക്ക് മന്നോടിയായി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാറിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും താലൂക്കിലെ വിവിധ പ്രദേശങ്ങളിലൂടെ വിഗ്രഹപ്രയാണം നടക്കും. ഇന്ന് ആറ്റുകാലിൽ നിന്നാരംഭിക്കുന്ന വിഗ്രഹ പ്രയാണം കഴക്കൂട്ടത്ത് സമാപിക്കും. 30ന് വൈകിട്ട് കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്ര സമാപിക്കും.വിവിധ സംഘടകളുടെ ആഭിമുഖ്യത്തിൽ വിഗ്രഹത്തിന് സ്വീകരണം നൽകും. നിത്യപൂജകളും പ്രത്യേക വഴിപാടുകളും ഉണ്ടാകും. ഇവിടം ഒരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ,വൈസ് പ്രഡിസന്റ് എം.വിനോദ്കുമാർ,യൂണിയൻ സെക്രട്ടറി വിജു.വി.നായർ എന്നിവർ പറഞ്ഞു.

വിഗ്രഹത്തിന് ഭാരം 325 കിലോഗ്രം

ക്ഷേത്രവും സ്മാരകവും പത്തര സെന്റിൽ

വിഗ്രഹത്തിന് ഉയരം 80 സെന്റീമീറ്റർ

പ്രഭയ്ക്ക് ഉയരം അഞ്ചടി

വിഗ്രഹം പ്രതിഷ്ഠിക്കുന്ന ഒറ്റക്കല്ലിൽ തീർത്ത പീഠത്തിൽ