
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് തൃശൂരിലേക്ക് പിതാവിനൊപ്പം ട്രെയിനിൽ യാത്രചെയ്ത പതിനാറുകാരിക്ക് സഹയാത്രികരായ അഞ്ചംഗ സംഘത്തിൽനിന്നു നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ നടുക്കമുളവാക്കുന്നതാണ്. പിതാവിനോളം പ്രായമുള്ളവരാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. മകളോട് അതിക്രമം കാട്ടിയവരെ ചോദ്യം ചെയ്ത പിതാവിനെ കായികമായി നേരിടാനും സംഘം ഒരുങ്ങിയെന്നാണു റിപ്പോർട്ട്. അക്രമത്തിനു തുനിഞ്ഞവരെ ചോദ്യം ചെയ്ത മറ്റൊരു യാത്രികനായ യുവാവിനും സംഘത്തിൽനിന്നു കൈയേറ്റം നേരിടേണ്ടിവന്നു. ട്രെയിൻ എറണാകുളം വിട്ടയുടൻ തുടങ്ങിയ അതിക്രമം പെൺകുട്ടിയുടെ പിതാവ് ഗാർഡിനെ അറിയിച്ചിരുന്നു. അടുത്ത സ്റ്റേഷനിൽ പൊലീസ് എത്തി പരാതി അന്വേഷിക്കുമെന്നാണ് ഗാർഡ് അറിയിച്ചത്. എന്നാൽ ആരും എത്തിയില്ല. തുടർന്ന് വിവരം തൃശൂരിൽ അറിയിച്ചതനുസരിച്ച് അവിടെയെത്തിയപ്പോൾ പൊലീസ് വന്ന് വിവരങ്ങൾ അന്വേഷിച്ചു. അതിക്രമം കാട്ടിയവർ തൃശൂർ എത്തും മുൻപേ ഇറങ്ങിപ്പോയിരുന്നു. പിതാവു നൽകിയ വിവരമനുസരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണിപ്പോൾ. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘാംഗങ്ങളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
സന്ധ്യമയങ്ങിയാൽ ട്രെയിൻ യാത്രക്കാരായ പെൺകുട്ടികളും സ്ത്രീകളും ട്രെയിനുകളിലും ബസുകളിലുമൊക്കെ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ പറയാതിരിക്കുകയാണു ഭേദം. എറണാകുളം - ഷൊർണൂർ റൂട്ടിൽ ഒരു ദശാബ്ദം മുൻപ് സൗമ്യ എന്ന യുവതിക്കുണ്ടായ ദുരന്തം ട്രെയിൻ യാത്രക്കാർ ഒരുകാലത്തും മറക്കില്ല. അതിനുശേഷവുമുണ്ടായി സമാനമായ ദുരനുഭവങ്ങൾ. മനുഷ്യരെ നടുക്കുന്ന ഇത്തരം ഓരോ ദുരനുഭവമുണ്ടാകുമ്പോഴും ട്രെയിനുകളിൽ സ്ത്രീസുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ചർച്ചാവിഷയമാകാറുണ്ട്. ഒന്നും നടക്കില്ലെന്നു മാത്രം. അതിക്രമങ്ങളുണ്ടായാൽ വിളിച്ചറിയിക്കാനുള്ള ഹെൽപ്പ് ലൈൻ നമ്പറെങ്കിലും എല്ലാ ബോഗികളിലും എഴുതിവയ്ക്കാൻ ഏർപ്പാടുണ്ടായാൽ മതിയായിരുന്നു. അതിനുപോലും തയ്യാറാകാത്തവർ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ വർത്തമാനം പറയാതിരിക്കുന്നതാണ് ഭംഗി. ശനിയാഴ്ച നടന്ന സംഭവത്തിൽ ട്രെയിൻ ഇടപ്പള്ളിയിലെത്തിയപ്പോൾത്തന്നെ പെൺകുട്ടിയുടെ പിതാവ് വിവരം ഗാർഡിനെ ധരിപ്പിച്ചതാണ്. എന്നാൽ അന്യഭാഷക്കാരനായ തനിക്ക് യാത്രക്കാരൻ പറഞ്ഞ പരാതി മനസിലാക്കാനായില്ലെന്നാണ് തിങ്കളാഴ്ച റെയിൽവേ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഗാർഡ് മൊഴി നൽകിയത്. കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ മലയാളം അറിയാവുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? രാത്രി എട്ടുമണിയോടടുപ്പിച്ചാണ് ട്രെയിനിൽ ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. രാത്രിയായാലും പകലായാലും ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ റെയിൽവേയ്ക്ക് ഉത്തരവാദിത്വമുണ്ട്. പൊതുഇടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത് ഇന്നത്തെ കാലത്ത് ആർഭാടമൊന്നുമല്ല. ട്രെയിനിലെ ബോഗികളിലും ഈ സൗകര്യം ഏർപ്പെടുത്താം. അതിക്രമങ്ങൾ കാണിച്ചശേഷം ഇടയ്ക്കിറങ്ങി രക്ഷപ്പെടുന്ന അക്രമികളെ കണ്ടുപിടിക്കാൻ അതു പ്രയോജനപ്പെടും.
സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസ് വിഭാഗം വിപുലീകരിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. രാത്രികാലത്ത് ഓരോ ബോഗിയിലും പൊലീസ് സാന്നിദ്ധ്യം വേണമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചെലവിന്റെ കണക്കുപറഞ്ഞാണ് അധികൃതർ ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത്. യാത്രക്കാരുടെ മാനത്തിനും ജീവനും ഇതിനെക്കാൾ വലിയ വിലയാണുള്ളതെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.
യാത്രക്കാർ ടിക്കറ്റെടുത്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് മാത്രമാകരുത് ട്രെയിനുകളിലെ സുരക്ഷാ അവലോകനം.