malinniyam-

വക്കം: മാലിന്യങ്ങളും പാഴ് വസ്തുക്കളും കൊണ്ട് അഞ്ചുതെങ്ങ് കായൽ നാശോന്മുഖം. വക്കം ഗ്രാമ പഞ്ചായത്തിന്റെ അതിരുകളായുള്ള കായലിന്റെ അവസ്ഥ ഇന്ന് ദയനീയമാണ്. കായലിൽ ഒഴുകിവരുന്ന മാംസഅവശിഷ്ടങ്ങൾ മാലിന്യങ്ങൾ കൈക്കലാക്കാൻ കായലിനു മീതെ പരുന്തുകളും, കായൽത്തീരങ്ങളിൽ തെരുവ് നായ്ക്കളും കൈയടക്കി. അറവ് ശാലകളിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് കായൽ നിറയുകയാണിപ്പോൾ. നിത്യവും വാഹനങ്ങളിലും അല്ലാതെയും മാലിന്യങ്ങൾ ഇവിടെ തള്ളുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇത് നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുടിവെള്ളക്കുപ്പി മുതൽ മദ്യക്കുപ്പികൾ വരെ കായലിൽ ഒഴുകി നടക്കുന്നു. ഇത് പെറുക്കി വിൽക്കുന്നവരും തീരത്ത് സജീവമാണ്. മീരാൻകടവ് പാലത്തിലും, പണയിൽക്കടവ് പാലത്തിൽ നിന്നുമാണ് അറവ് മാലിന്യങ്ങൾ ഏറെ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.

മാലിന്യനിക്ഷേപം രൂക്ഷം

മാലിന്യനിക്ഷേപം കണ്ടെത്താൻ ഈ മേഖലകളിൽ യാതൊരു സംവിധാനവും നിലവിൽ ഇല്ല. സി.സി.ടിവി കാമറകൾ സ്ഥാപിക്കാത്തത് ഇക്കൂട്ടർക്ക് ഏറെ അനുഗ്രഹമാണ്. ചില സമയങ്ങളിൽ തെരുവ് വിളക്കും പണിമുടക്കും.

മത്സ്യസമ്പത്ത് കുറയുന്നു

കായൽ മത്സ്യങ്ങൾക്ക് പേര് കേട്ടതാണ് അഞ്ചുതെങ്ങ് കായൽ. കരിമീൻ, കൊഞ്ച്, ഞണ്ട്, കക്ക തുടങ്ങിയവ ഇതിൽ പ്രധാനമാണ്. കായൽ മാലിന്യമായതോടെ മത്സ്യസമ്പത്തും അടിക്കടി കുറഞ്ഞു. അതോടെ നിരവധി കടുംബങ്ങളുടെ കുലത്തൊഴിലും ഇല്ലാതായി.