തിരുവനന്തപുരം: നഗരത്തിൽ കേരള വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന,പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലികൾ ജൂലായ് 15ന് മുൻപ് പൂർത്തിയാക്കി,റോഡുകൾ ടാറിംഗിനായി റോഡ് ഫണ്ട് ബോർഡിനു കൈമാറാൻ ധാരണയായി. ഒബ്സർവേറ്ററി മുതൽ പാരിസ് റോഡ് വരെയും വാൻറോസ് ജംഗ്ഷൻ മുതൽ ഊറ്റുകുഴി വരെയുമുള്ള ഭാഗത്താണ് പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലി നടക്കുന്നത്.പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ചിടത്ത് റോഡുകളുടെ അവസ്ഥ മോശമായതിനെക്കുറിച്ച് പരാതികൾ ഉയർന്നതിനാൽ,കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒ സാംബശിവ റാവുമായി വാട്ടർ അതോറിട്ടി എം.ഡി എസ്. വെങ്കടേസപതി നടത്തിയ ചർച്ചകളെത്തുടർന്നാണ് പൈപ്പ്‌ലൈൻ ജോലികൾ ജൂലായ് 15നു മുൻപ് പൂർത്തിയാക്കി റോഡുകൾ ടാറിംഗിനായി കൈമാറാൻ ധാരണയായത്.