
തിരുവനന്തപുരം: ശ്രീലങ്കയിലെ കടക്കെണിയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കേരളത്തിന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ ധനസ്ഥിതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ധനമന്ത്രി തള്ളി. ഇന്നലെ നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. ധനമന്ത്രിയുടെ അഭാവത്തിൽ മറുപടി പറഞ്ഞ പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണൻ സംസ്ഥാനത്ത് അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും രണ്ടുവർഷത്തിനുള്ളിൽ സ്ഥിതി മെച്ചപ്പെടുമെന്നും വ്യക്തമാക്കി.
പൊതുകടം 332291കോടിരൂപയാണ്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 36.98%ആണ്. അനുവദിക്കപ്പെട്ട പരിധി 30% ആണ്. കേന്ദ്രധനകാര്യകമ്മിഷൻ നൽകുന്ന ഗ്രാൻഡ് 2.5%ൽ നിന്ന് 1.93%ആയി കുറച്ചതും കൊവിഡ് കാലത്ത് വരുമാനം കുറയുകയും അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം കൂട്ടിയതും സാമൂഹ്യ സുരക്ഷാസഹായങ്ങൾ ചെയ്തതുമൊക്കെയാണ് ഇതിന് കാരണം. കടമെടുപ്പ് പരിധി 3%ൽ നിന്ന് 5% ആയി കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്ഥിതിമെച്ചപ്പെട്ടിട്ടുണ്ട്.
കിഫ്ബിക്ക് വാങ്ങുന്ന വായ്പ പൊതുകടത്തിൽ ഉൾപ്പെടുത്തണമെന്ന സി.എ.ജി. നിർദ്ദേശം സ്വീകാര്യമല്ല. ഇത്തരത്തിൽ കേന്ദ്രധനകാര്യ കമ്മിഷൻ നിർദ്ദേശിച്ചിട്ടുമില്ല. 293(3) വകുപ്പ് അനുസരിച്ച് സംസ്ഥാന സർക്കാർ നൽകുന്ന വായ്പാ ഗ്യാരന്റി പൊതുകടത്തിൽ ഉൾപ്പെടില്ല. കിഫ്ബിക്ക് സർക്കാർ ഗ്യാരന്റിയാണ് നൽകുന്നത്. ഇക്കാര്യം കേന്ദ്രത്തെയും സി.എ.ജിയെയും അറിയിച്ചിട്ടുണ്ട്. ധനമന്ത്രിക്ക് വേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.