പാറശാല: കേരളത്തിൽ നിരോധിത ഉത്പന്നങ്ങളിൽ ഒന്നായ പ്ലാസ്റ്റിക്കുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നതിന് ഇതുവരെ യാതൊരു കുറവും ഇല്ല. തമിഴ്‌നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ സർക്കാരുകൾ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കിയതോട ഈ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തമിഴ്‌നാടിന്റെ അതിർത്തികളിലൂടെ കേരളത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. കേരളത്തിലാകട്ടെ പ്ലാസ്റ്റിക് നിരോധനം എന്നത് നിയമമാക്കിയിട്ടുണ്ടെങ്കിലും അവ കേരളത്തിലേക്ക് എത്തിക്കുന്നതിന് നിരോധനമില്ല. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ടൺ പ്ലാസ്റ്റിക്കാണ് റെയിൽ,റോഡ് ഗതാഗതങ്ങളിലൂടെ ദിവസേന അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. കൂടാതെ ഓണവിപണികൂടി വരാനിരിക്കെ പ്ലാസ്റ്റിക് കുടങ്ങളുടെയും പന്തുകളുടെയും കളിപ്പാട്ടങ്ങളുടെയും പാത്രങ്ങളുടെയും ഉത്പാദനവും വർദ്ധിച്ചിട്ടുണ്ട്.

പരിശോധന മുറപോലെ

ടാക്സ് അടച്ചാൽ എത്ര ടൺ പ്ലാസ്റ്റിക് വേണമെങ്കിലും കേരളത്തിലേക്ക് എത്തിക്കാമെന്നിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊണ്ട് പ്ലാസ്റ്റിക് നിയന്ത്രിക്കാമെന്ന് പറയുന്നത് വെറും പാഴ്വാക്കാണെന്ന് പ്ലാസ്റ്റിക് നിരോധന നിയമങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് അറിയാവുന്നതാണ്. തമിഴ്നാട്ടിൽ പ്ലാസ്റ്റിക് കാരിബാഗുകൾ കർശനമായും നിരോധിച്ചിട്ടുണ്ട്. അവ ഉപയോഗിക്കുന്നവരിൽ നിന്നും പിടിച്ചെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രത്യേക സ്ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങൾ സന്ദർശിച്ച് നിരീക്ഷണങ്ങൾ നടത്താറുണ്ട്. മത്സ്യം, പച്ചക്കറി കടകളിൽ പ്ലാസ്റ്റിക് കണ്ടെത്തിയാൽ അവ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും അവ നശിപ്പിക്കുന്നതും പതിവാണ്.

തമിഴ്‌നാട്ടിൽ നടപ്പാക്കി നിയമം

തമിഴ്‌നാട്ടിൽ പ്ലാസ്റ്റിക് കാരിബാഗുമായി പോകുന്ന ആളിൽ നിന്നും പിഴ ഈടാക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുള്ളതിനാൽ നിയമങ്ങൾ പാലിക്കുന്നതിനും അവ തുടരുന്നതിനും സമൂഹം തയാറാവുന്നുണ്ട്. നിയമങ്ങൾ കർശനമാക്കിയതോടെ ഹോട്ടലുകളിലും മറ്റ് കടകളിലും പ്ലാസ്റ്റിക് പേപ്പറുകളുടെയും കാരിബാഗുകളുടെയും ഉപയോഗം നിറുത്തി പകരം ഇലയും പേപ്പറുകളും ഉപയോഗിക്കുന്നത് പതിവാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഈ നിയമങ്ങൾ നടപ്പാകുന്നില്ല.

ലക്ഷ്യം കേരള വിപണി

കേരളത്തിൽ പല സ്ഥലങ്ങളിലും പലവ്യഞ്ജനങ്ങൾ, ഹോട്ടലുകളിലെ ആഹാരം, മത്സ്യ-മാംസാദികൾ, ടെക്സ്റ്റയിൽസുകൾ, എന്നിവയെല്ലാം തന്നെ പ്ലാസ്റ്റിക്കിൽ തന്നെയാണ് വിതരണം നടത്തുന്നത്. പ്ലാസ്റ്റിക് നിരോധനം തമിഴ്‌നാട്ടിൽ കർശനവും, കേരളത്തിൽ കർശന രഹിതമായും തുടരുന്നത് കാരണം അന്യസംസ്ഥാനങ്ങളിലെ പ്ലാസ്റ്രിക് നിർമ്മാണശാലകളിൽ ഇന്നും പ്ലാസ്റ്രിക് ഉത്പാദനത്തിന് കുറവൊന്നുമില്ല.