കല്ലമ്പലം:നാവായിക്കുളത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം.പൊറുതിമുട്ടി നാട്ടുകാർ. നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം പട്ടാളംമുക്ക് ജംഗ്ഷനിലാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. പരസ്യ മദ്യപാനം, അസഭ്യം വിളി, അടിപിടി, അശ്ലീല സംഭാഷണം തുടങ്ങിയ വിക്രിയകൾ ദിനചര്യയായതുകൊണ്ട് സമീപത്തെ വീടുകളിലെ വീട്ടമ്മമാർക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾക്കും, നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ വന്നുപോകുന്ന ഭക്തർക്കും, വഴിയാത്രികർക്കും, വ്യാപാരികൾക്കും ഇവർ പൊതു ശല്യമായി മാറിയിരിക്കുകയാണ്. അക്രമികളെ അമർച്ച ചെയ്യണമെന്നും കല്ലമ്പലം പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.