വർക്കല : ശിവഗിരി മുൻ മഠാധിപതിയും മതാതീത ആത്മീയതയുടെ പ്രചാരകനുമായിരുന്ന സ്വാമി ശാശ്വതികാനന്ദയുടെ ഇരുപതാമത് സമാധിദിനം ജൂലായ് 1ന് മതാതീത ആത്മീയ ദിനമായി ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രസമിതി ആചരിക്കും. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന മതാതീത ആത്മീയ ജാഥ മഹാനായ ആർ.ശങ്കറിന്റെ ജന്മനാടായ പുത്തൂരിൽ ജൂലായ് 1ന് രാവിലെ 9ന് സംഗമിക്കും. അവിടെനിന്ന് ഒറ്റ ജാഥയായി ശിവഗിരിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 2.30ന് ശിവഗിരിയിലെത്തുന്ന ജാഥയെ കവാടത്തിൽ ഗുരുധർമ്മ പ്രചാരണ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മജിഷ്യൻ വർക്കല മോഹൻദാസ്, ശിവഗിരി മഠത്തിലെ സ്വാമി ധർമ്മാനന്ദ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സ്വാമി ശാശ്വതികാനന്ദയുടെ സമാധിയിൽ പ്രാർത്ഥനാ സംഗമവും പുഷ്പാർച്ചനയും . 3ന്സ്വാമി ശാശ്വതികാനന്ദയുടെ ഇരുപതാം സമാധി സമ്മേളനം സംഘം കേന്ദ്രസമിതി പ്രസിഡന്റ് എഴുകോൺ രാജ് മോഹൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി ധർമ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മജിഷ്യൻ വർക്കല മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തും. വനിതാ വിഭാഗം കൺവീനർ ശാന്തിനി എസ് .കുമാരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഓടനാവട്ടം എം. ഹരീന്ദ്രൻ, ഉമാദേവി, കരീപ്ര സോമൻ, തൊടിയൂർ സുലോചന, ലതികാ രാജൻ എന്നിവർ സംസാരിക്കും.