
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ പിണറായി സർക്കാർ കാണിച്ച അലംഭാവമാണ് വിഷയം സങ്കീർണ്ണമാക്കിയതെന്നും അത് രാഹുൽ ഗാന്ധിയുടെമേൽ ചാർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എസ്.എഫ്.ഐ നടത്തിയ സമരത്തിന്റെ പേരിൽ സി.പി.എം അദ്ദേഹത്തോട് മാപ്പുപറയണം. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്- 2013 മേയ് 8 ന് നടന്ന മന്ത്രിസഭായോഗത്തിൽ പരിസ്ഥിതിലോല മേഖലയിൽ നിന്നു ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയയ്ക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് 2015 മേയ് 13 ന് നിർദ്ദേശം കേന്ദ്ര വനം മന്ത്രാലയത്തിലേക്ക് സമർപ്പിച്ചു. ഇതിന്മേൽ 2016 ൽ വിദഗ്‌ദ്ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ പിണറായി സർക്കാർ അതൊന്നും നൽകിയില്ല. അതിനാൽ കരട് വിജ്ഞാപനങ്ങൾ റദ്ദായി. 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ നിലനിറുത്തണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശം കേരളത്തിനും ബാധകമായത് അതുകൊണ്ടാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. വസ്തുത ഇതായിരിക്കെയാണ് ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
2019 ഒക്ടോബർ 31 ലെ കേരള സർക്കാരിന്റെ ഉത്തരവിൽ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭായോഗ തീരുമാനമടക്കമുള്ള വിഷയങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ (0-1km) ഇക്കോ സെൻസിറ്റീവ് സോൺ ആയി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് അംഗീകാരം നല്കിയത് ഈ ഉത്തരവിലാണ്. ഇതാണ് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവിലേക്കു നയിച്ചത്.
ബഫർ സോൺ വിഷയത്തിൽ കേരളത്തിലങ്ങോളമിങ്ങോളം പ്രതിസന്ധിയുണ്ടെങ്കിലും ഇതുവരെയും എം.എൽ.എമാരുടെയോ, തദ്ദേശ സ്ഥാപന അധികാരികളുടെയോ യോഗം വിളിച്ചുചേർക്കാൻപോലും സർക്കാർ തയ്യാറായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എം.എൽ.എ മാരായ സണ്ണി എബ്രഹാം, ടി. സിദ്ദിഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.