
സ്വപ്ന സുരേഷിന്റെ വിവാദവെളിപ്പെടുത്തലുകൾ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസായി കൊണ്ടുവന്നു. ഷാഫി പറമ്പിലും മറ്റും കൊണ്ടുവന്ന പ്രമേയനോട്ടീസ് ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റ്!
ചർച്ച സ്വർണക്കടത്ത് കേസിനെ ചൊല്ലിയായിരുന്നിട്ടും ഒരു 'കൂപമണ്ഡൂകം' പണിപറ്റിക്കുകയുണ്ടായി. മുഖ്യമന്ത്രി കൂപമണ്ഡൂകത്തെ പോലെയെന്ന് പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത് ആക്ഷേപമായി എ.എൻ. ഷംസീർ മുതൽ കെ.ടി. ജലീൽ വരെയുള്ളവർ കണ്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കലാണെന്ന് സമർത്ഥിക്കാനുള്ള ആലങ്കാരികപ്രയോഗമായിരുന്നു അതെന്ന പ്രതിപക്ഷനേതാവിന്റെ ന്യായീകരണം അവർക്ക് ബോധിച്ചില്ല.
ഗുജറാത്ത് വിഷയത്തിൽ കോൺഗ്രസിനെ പ്രകോപിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷനേതാവ് ചൂണ്ടയിൽ കൊരുത്തപ്പോൾ സ്വർണക്കടത്തിൽ നിന്ന് ഗുജറാത്ത് കലാപത്തിലേക്ക് ചർച്ച കുറച്ചുനേരത്തേക്ക് പരകായപ്രവേശം ചെയ്തു. ചർച്ചയ്ക്കിടയിൽ മാത്യു കുഴൽനാടൻ മകൾക്കെതിരെ നടത്തിയ പരാമർശങ്ങൾ ഗുജറാത്തിലേക്ക് പോയ മുഖ്യമന്ത്രി മറക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. ഗുജറാത്തിൽ നിന്ന് തിരിച്ചുവന്ന് മാത്യു കുഴൽനാടന് നേർക്ക് അദ്ദേഹം ചീറ്റപ്പുലിയായി.
പ്രൈസ് വാട്ടർഹൗസ് കൂപ്പർ ഏജൻസിയുടെ ഡയറക്ടറായിരുന്നയാളെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന്റെ മെന്ററായി ചിത്രീകരിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കുഴൽനാടൻ വാദിച്ചത്. പച്ചക്കള്ളം മനസ്സിൽ വച്ചാൽ മതിയെന്നാണ് രോഷാകുലനായ മുഖ്യമന്ത്രിയുടെ മറുപടി.
തിങ്കളാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ചോദ്യോത്തരവേളയിന്നലെ ശാന്തമായിരുന്നു. ശൂന്യവേളയിൽ സ്വർണക്കടത്തിൽ തട്ടിപ്പിരിയുമെന്ന് തോന്നിപ്പിച്ചെങ്കിലും അടിയന്തരപ്രമേയം ചർച്ചയ്ക്കെടുത്തതോടെ എല്ലാം മാറിമറിഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസിന്മേൽ ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച നിശ്ചയിച്ചത്. ഒന്നേകാലിന് തുടങ്ങി നാലരയോടെ അതവസാനിച്ചു. തീയില്ലാത്തിടത്ത് പുകയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സമർത്ഥിച്ചു. എല്ലാത്തിനും പിന്നിൽ സംഘപരിവാർ താത്‌പര്യമാണെന്ന് അദ്ദേഹം സമയമെടുത്ത് സ്ഥാപിച്ചെങ്കിലും 58 മിനിറ്റ് പ്രസംഗിച്ച മുഖ്യമന്ത്രി ചോദ്യങ്ങൾക്കൊന്നിനും മറുപടി തന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി 'കലമുടച്ചു'.
സോളാർ കേസിലെ പരാതി സി.ബി.ഐക്ക് വിട്ടതുപോലെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് ആ കേസിൽ ജുഡിഷ്യൽ കമ്മിഷന്റെ കണ്ടെത്തലുകളും ഇരയുടെ പരാതിയും ഒത്തുവന്നതിനാലാണെന്നാണ് മുഖ്യമന്ത്രിയുടെ യുക്തി.
ഇപ്പോഴത്തെ വിവാദങ്ങൾ യു.ഡി.എഫിന്റെ അടുക്കളയിൽ വേവിച്ചെടുത്തതല്ലെന്ന് ഷാഫി പറഞ്ഞു. ആരോപണങ്ങൾ വ്യാജമെങ്കിൽ മാനനഷ്ടക്കേസിന് പോകാത്തതെന്തുകൊണ്ട്, ആരോപണമുന്നയിച്ച ഷാജ് കിരണെന്ന അവതാരത്തെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട് എന്നിങ്ങനെ 'എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെ'ന്ന് ഷാഫി ചോദിച്ചു. ഷാജ് കിരണിനൊപ്പം രമേശ് ചെന്നിത്തലയുള്ള ചിത്രമുയർത്തിക്കാട്ടിയത് വി. ജോയിയാണ്. മുഖ്യമന്ത്രിക്ക് ലാൽസലാം പറയുന്ന ഷാജ്കിരണിന്റെ ഫേസ്ബുക് പോസ്റ്റെടുത്ത് കാട്ടി മറുപടി നൽകിയത് എൻ. ഷംസുദ്ദീനും.
ഷാഫി പറമ്പിൽ അടുക്കളയിൽ വേവിച്ച ദംബിരിയാണി അവിടെ ഭക്ഷ്യവിഷബാധയുണ്ടാക്കിയെന്ന് പി. ബാലചന്ദ്രൻ കണ്ടെത്തി. സ്വർണക്കടത്ത് സിനിമയുടെ ഒന്നാം ഭാഗം ഒരു കൊല്ലം ഓടിച്ചപ്പോൾ സാമ്പത്തികനഷ്ടമാണ് പ്രതിപക്ഷത്തിനുണ്ടാക്കിയതെന്ന് എ.എൻ. ഷംസീർ പറഞ്ഞു. ഭരണവും കിട്ടിയില്ല, സീറ്റും കുറഞ്ഞു.
ഇടതുസ്വതന്ത്രൻ മാത്രമായ തന്നെ ഇ.ഡി ചക്ക ചൂഴ്ന്ന് നോക്കുമ്പോലെ നോക്കിയെങ്കിൽ സാക്ഷാൽ കമ്യൂണിസ്റ്റുകാരെ എങ്ങനെയാണ് നോക്കുകയെന്ന് പറയേണ്ടതുണ്ടോയെന്നാണ് കെ.ടി.ജലീലിന്റെ ചോദ്യം. അടിയന്തരപ്രമേയം സഭ ചർച്ചചെയ്ത് തള്ളി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ധനാഭ്യർത്ഥനചർച്ചയുടെ ശേഷിച്ചഭാഗം മുങ്ങി. ഇ. ചന്ദ്രശേഖരൻ പ്രസംഗം മുഴുമിപ്പിച്ചില്ല. നടപടികൾ പൂർത്തിയാക്കി പെട്ടെന്ന് സഭ പിരിഞ്ഞു.