തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാർക്ക് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് ഭിന്നശേഷി കൂട്ടായ്മയായ ടി.ബി.എസ്.കെയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചു. സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് കളക്ടർ വഴി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് കളക്ടറുടെ ചേംബറിൽ സബ് കളക്ടർ മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. ടി.ബി.എസ്.കെയുടെ പ്രസിഡന്റ് ബാബുരാജ്, സെക്രട്ടി നിസാം, ട്രഷറർ അരുൺമോഹൻ, ജില്ലാ പ്രതിനിധികളായ നെസ്ളിമ,രഗിൽരാജ്, മധു എന്നിവർ പങ്കെടുത്തു. സമരം അവസാനിപ്പിച്ചില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്തു മാറ്റേണ്ടിവരുമെന്നും പൊലീസ് വിഭാഗം അറിയിപ്പ് നൽകിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നും എം.ജി റോഡ് ഉപരോധം തുടർന്നാൽ അറസ്റ്റ് ചെയ്ത് നീക്കേണ്ടിവരുമെന്നാണ് അധികൃതർ ചർച്ചയിൽ പറഞ്ഞതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. നഗരത്തിൽ ഗതാഗതം തടസപ്പെടുത്തിയുള്ള സമരം അവസാനിപ്പിക്കണമെന്നാണ് സബ്കളക്ടർ പ്രധാനമായും ആവശ്യപ്പെട്ടത്. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും സബ്കളക്ടർ പറഞ്ഞതിനെ തുടർന്ന് സമരം അവസാനിപ്പിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു.

ഉപരോധസമരം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി

ടി.ബി.എസ്.കെയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ നഗരം രണ്ടാം ദിനവും ഗതാഗതക്കുരുക്കിലായി. സെക്രട്ടേറിയറ്റ് നടയിലൂടെ ഒരു വാഹനവും കടത്തിവിടാൻ പറ്റാതായത് മറ്റിടങ്ങളിലെ ഗതാഗതക്കുരുക്കിന് കാരണമായി. തിങ്കളാഴ്ച വൈകിട്ട് എ.ഡി.എം അനിൽ ജോസുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. രാവിലെ നടന്ന ചർച്ചയിലെ തീരുമാനം അറിഞ്ഞുമാത്രം മതി തുടർനടപടിയെന്ന സമരക്കാരുടെ തീരുമാനവും അതിനു പിന്നാലെ വന്നു. ഇതിനിടെ ഉച്ചയ്ക്ക് പെയ്ത മഴയിലും ഇവർ പിരിഞ്ഞുപോകാതെ സെക്രട്ടേറിയറ്റിന് മുന്നിൽത്തന്നെ നിലകൊണ്ടത് സമരത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ട്രെയിനിനടിയിൽപ്പെട്ട് രണ്ട് കാലും നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി അരവിന്ദ് സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്നാണ് പ്രതിഷേധിച്ചത്. സബ് കളക്ടറുടെ ഉറപ്പ് പാലിക്കുന്നതിനായി കുറച്ചുനാൾ കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ ഇതിലും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു വരുമെന്നും ടി.ബി.എസ്.കെ നേതാക്കൾ അറിയിച്ചു.